കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

9.58 PM 19-05-2016
Boom
കണ്ണൂരിലെ പിണറായിയില്‍ വിജയാഹ്‌ളാദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനാണു കൊല്ലപ്പെട്ടത്. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം നേതൃത്വം ആരോപിച്ചു. വാഹനത്തില്‍ പ്രകടനം നടത്തിയവര്‍ക്കു നേര്‍ക്കാണ് ബോംബേറുണ്്ടായത്. ജില്ലയില്‍ സിപിഎം നേടിയ വലിയ വിജയത്തിലുണ്്ടായ പ്രകോപനമാണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതപ്പെടുന്നത്.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നശിപ്പിച്ചതും സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. രണ്ടു മണി മുതല്‍ ആറു മണി വരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ജില്ലയില്‍ നടത്താനിരുന്ന ആഹ്‌ളാദപ്രകടനങ്ങള്‍ ഉപേക്ഷിക്കാനും പകരം പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളെ തുടര്‍ന്നു കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 7.30 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണു നിരോധനാജ്ഞ.