തമിഴ്‌നാട്ടില്‍ വീണ്ടും അമ്മ

10.03 PM 19-05-2016
jaya-650_051311033836
മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ ചരിത്രം ആവര്‍ത്തിച്ച് തമിഴ്‌നാട്ടില്‍ ‘അമ്മ’ മാജിക്. എംജിആറിന്റെ മരണത്തിനുശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ തുടര്‍സര്‍ക്കാരുണ്ടാകുന്നത്. 1987ലായിരുന്നു എംജിആറിന്റെ മരണം. 1977ല്‍ അധികാരത്തിലെത്തിയ എഐഎഡിഎംകെ മന്ത്രിസഭ 1987ല്‍ എംജിആറിന്റെ മരണം വരെ തുടര്‍ന്നു. അതിനുശേഷം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയുമായി മത്സരിച്ച എഐഎഡിഎംകെയ്ക്ക് പക്ഷേ തുടര്‍ഭരണത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ ചരിത്രമാണ് ഇപ്പോള്‍ ജയലളിത തിരുത്തിക്കുറിച്ചിരിക്കുന്നത്. ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതുതന്നെ എംജിആറായിരുന്നു. ചരിത്രം ആവര്‍ത്തിച്ച ജയലളിത ഇതു നാലാം തവണയാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ എഐഎഡിഎംകെ 128 സീറ്റ് നേടി. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 103 സീറ്റ് നേടി. 2011 ല്‍ മുഖ്യമന്ത്രിയായ ജയലളിതയ്ക്ക് അനധികൃത സ്വത്ത്‌സമ്പാദനകേസില്‍ ബംഗളൂരു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് 2015 ല്‍ കര്‍ണാടക ഹൈക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി.