ജെ.എന്‍.യു വിഷയം അഭിഭാഷകന്‍ യശ്പാല്‍ സിങ് അറസ്റ്റില്‍

11:55am 24/02/2016
jnu-attack

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെയും ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളെയും അധ്യാപരെയും അക്രമിച്ചവരില്‍ ഒരാളായ അഭിഭാഷകന്‍ യശ്പാല്‍ സിങ് അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യശ്പാലിനെ ചോദ്യം ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് പട്യാല ഹൗസ് കോടതിക്ക് പുറത്തും അകത്തും അധ്യാപരെയും വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തരെയും അഭിഭാഷകരുടെ കൂട്ടം കൈയേറ്റം ചെയ്തത്. അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. യശ്പാല്‍ സിങ്, വിക്രം ചൗഹാന്‍, ഓം ശര്‍മ എന്നിവരാണ് അക്രമിസംഘത്തെ സംഘടിപ്പിച്ചത്.

ഇവരെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കനയ്യ കുമാറിനെ തങ്ങള്‍ തന്നെയാണ് അടിച്ചതെന്ന് മൂന്ന് അഭിഭാഷകര്‍ സമ്മതിക്കുന്ന വിഡിയോ ഇന്ത്യാ ടുഡേ ചാനല്‍ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. തങ്ങളുടെ മര്‍ദ്ദനത്തില്‍ കനയ്യകുമാര്‍ മൂത്രമൊഴിച്ചു എന്നായിരുന്നു ഇവര്‍ വിഡിയോയില്‍ പറഞ്ഞത്.