ജോലിയില്‍ പ്രവേശിച്ച ആദ്യദിനം മരണത്തിലേക്കുളള യാത്രയായി.

1456814559_death

വെര്‍ജീനിയ: കുടുംബ കലഹം നടക്കുന്ന വിവരം ലഭിച്ച് എത്തിച്ചേര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് നേരെ വീടിനകത്തുനിന്നും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആഷ്ലി ഗുയ്ഡണ്‍(28) എന്ന വനിതാ പോലീസ് ഓഫീസര്‍ കൊല്ലപ്പെടുകയും, മറ്റു രണ്ടു ഓഫീസര്‍മാര്‍ പരിക്കേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും 25 മൈല്‍ അകലെയാണ് സംഭവസ്ഥലം. ശനിയാഴ്ച വൈകീട്ട് 5.30ന് പ്രിന്‍സ് വില്യം കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്നു പോലീസ് ഓഫീസര്‍മാരാണ് സംഭവ സ്ഥലത്ത് ആദ്യം എത്തിചേര്‍ന്നത്.ഇതില്‍ വനിതാ പോലീസ് ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച സത്യപ്രതിജ്ഞക്കു ശേഷം ആദ്യമാണ് ശനിയാഴ്ച ജോലിയില്‍ പ്രവേശിച്ചത്.
വെടിവെപ്പിനുശേഷം പ്രതി പോലീസിന് കീഴടങ്ങി. തുടര്‍ന്ന് വീടിനകത്ത് പ്രവേശിച്ച പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു വെടിയേറ്റു മരിച്ചു കിടക്കുന്ന പ്രതിയുടെ ഭാര്യയെയാണ്. വെടിയേറ്റു മറ്റ രണ്ടു പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുന്നു എന്ന് കൗണ്ടി സൂപ്പര്‍ വൈസേഴ്സ് ബോര്‍ഡ് ചെയര്‍മാന്‍ കോറി സ്റ്റുവര്‍ട്ട് പറഞ്ഞു.
പെന്റഗണ്‍ ആര്‍മി സ്റ്റാഫ് സെര്‍ജന്‍ റൊണാള്‍ഡ് വില്യംസ് ഹാമില്‍ടണാണ്(32) ഈ കേസ്സില്‍ അറസ്റ്റിലായതെന്ന് പോലീസ് അധികൃതര്‍ ഞായറാഴ്ച വെളിപ്പെടുത്തി.