ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് 47 റണ്‍സ് തോല്‍വി

09:36am 16/3/2016
images (4)

നാഗ്പുര്‍: ഇന്ത്യക്കു മുന്നില്‍ തലകുനിച്ചിട്ടില്‌ളെന്ന റെക്കോഡ് വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടിലും കിവികള്‍ തെറ്റിച്ചില്ല. സ്വന്തം മുറ്റത്ത് ട്വന്റി20 ക്രിക്കറ്റിലെ ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് ആദ്യചുവടുവെക്കാനിറങ്ങിയ ഇന്ത്യയെ, ന്യൂസിലന്‍ഡ് വരവേറ്റത് 47 റണ്‍സിന്റെ തോല്‍വിയുമായി. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടും ബാറ്റിങ് നിര കളിമറന്നപ്പോള്‍ ഇന്ത്യ വഴങ്ങിയത് ഓരോ ആരാധകന്റെയും മനസ്സിനെ നോവിക്കുന്ന വന്‍തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണെടുത്തത്.
മറുപടി ബാറ്റിങ്ങില്‍, ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. നായകന്‍ എം.എസ്. ധോണിയും (30), ഉപനായകന്‍ വിരാട് കോഹ്ലിയും (23), വാലറ്റത്തെ ആര്‍. അശ്വിനും (10) മാത്രമേ രണ്ടക്കം കണ്ടുള്ളൂ. സ്പിന്നര്‍മാരായ ഇന്ത്യന്‍ വംശജന്‍ ഇഷ് സോധിയും (മൂന്നു വിക്കറ്റ്) മിച്ചല്‍ സാന്ററും (നാലു വിക്കറ്റ്) നിറഞ്ഞാടിയപ്പോള്‍ കേളികേട്ട ഇന്ത്യന്‍ ബാറ്റിങ് നിര 18.1 ഓവറില്‍ 79 റണ്‍സില്‍ കൂപ്പുകുത്തി വീണു. 17 പന്തില്‍ 18 റണ്‍സ് കൂടി അടിച്ച സാന്ററാണ് കളിയിലെ കേമന്‍. കിവി നിരയില്‍ കോളിന്‍ മണ്‍റോ (34) യാണ് ടോപ് സ്‌കോറര്‍. മാര്‍ച്ച് 19ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ആധികാരികം കിവികള്‍
ഭാഗ്യവിജയമായി ടോസ് നേടിയപ്പോള്‍ ബാറ്റിങ് തെരഞ്ഞെടുക്കാനായിരുന്നു ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിന്റെ തീരുമാനം. ഓപണര്‍മാരായി കൂറ്റനടിക്കാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്യാപ്റ്റനുമത്തെിയപ്പോള്‍ തന്നെ ലക്ഷ്യവും വ്യക്തമായിരുന്നു. വെടിക്കെട്ടുകാരന്‍ ബ്രണ്ടന്‍ മക്കല്ലമിന്റെ അദൃശ്യസാന്നിധ്യം കിവികളുടെ മുന്‍നിരയിലുണ്ടെന്നപോലെയായി തുടക്കം. ന്യൂബാളുമായത്തെി അശ്വിന്റെ ആദ്യ പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ കുത്തനെ ബൗണ്ടറി വരക്ക് പുറത്തേക്ക് പറത്തി ഗുപ്റ്റിലിലൂടെ മോഹിച്ചപോലെ ഒരു ഓപണിങ് നല്‍കി. വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ത്രിവര്‍ണം മുഖത്ത് പൂശിയത്തെിയ ആരാധകരുടെ നെഞ്ചിലേക്കായിരുന്നു ആ സിക്‌സര്‍. പക്ഷേ, രണ്ടാം പന്തില്‍ എല്ലാം തകിടം മറിഞ്ഞു. അതേ പന്ത് സ്വീപ് ചെയ്യാനുള്ള ഗുപ്റ്റിലിന്റെ ശ്രമം പാളി. അശ്വിന്റെ എല്‍.ബി.ഡബ്‌ള്യൂ അപ്പീല്‍ സംശയത്തിനിട നല്‍കാതെ അമ്പയര്‍ കുമാര്‍ ധര്‍മസേന അനുവദിച്ചു. പക്ഷേ, ടി.വി റീപ്‌ളേകള്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചെങ്കിലും ഉണരും മുമ്പേ കിവികള്‍ക്കേറ്റ തിരിച്ചടിയായി. എങ്കിലും, പിന്നാലെയത്തെിയ മണ്‍റോ അശ്വിനെ തന്നെ സിക്‌സര്‍ പറത്തി ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കി. ആദ്യ ഓവറില്‍ പിറന്നത് 13 റണ്‍സ്. നെഹ്‌റയെറിഞ്ഞ രണ്ടാം ഓവറില്‍ റണ്‍നിരക്ക് കുറഞ്ഞു. മൂന്നാം പന്തില്‍ മണ്‍റോ (7) പാണ്ഡ്യയുടെ കൈയില്‍ കുടുങ്ങിയതോടെ കിവികള്‍ക്ക് വീണ്ടും നെഞ്ചിടിപ്പായി. വിക്കറ്റ് വീഴ്ചക്കിടെ വില്യംസന്‍ (16 പന്തില്‍ 7) കരുതലോടെ നിലയുറപ്പിച്ചെങ്കിലും റെയ്‌നയെ വിളിച്ച് ധോണി നായകനെയും പവിലിയനിലേക്ക് മടക്കി അയച്ചു. ന്യൂസിലന്‍ഡ് മൂന്നിന് 35. നാലാം വിക്കറ്റില്‍ കൊറി ആന്‍ഡേഴ്‌സനും റോസ് ടെയ്‌ലറും നിന്നതോടെയാണ് റണ്‍നിരക്ക് അല്‍പമെങ്കിലും മുന്നേറിയത്. പക്ഷേ, ആഞ്ഞുവീശാനുള്ള ശ്രമങ്ങള്‍ക്കിടെ ഓരോരുത്തരും പിടികൊടുത്ത് മടങ്ങി. ടെയ്‌ലറും (10), പിന്നാലെയത്തെിയ എലിയറ്റും (9) റണ്‍ഔട്ടായി കളംവിട്ടു. അവസാന ഓവറുകളില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ റോഞ്ചിയിലൂടെ ന്യൂസിലന്‍ഡ് 126 റണ്‍സെന്ന ടോട്ടല്‍ സ്വന്തമാക്കി.