12:33pm 30/06/2016
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി ഒമ്പതാം ക്ലാസ് വിദ്യാർഥി മർദനമേറ്റ് മരിച്ചു. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണെൻറ മകൻ രജത് ആണ് മരിച്ചത്. പാൻമസാല വിൽപനക്കാരുടെ സംഘമാണ് വിദ്യാർഥിയെ മർദിച്ചു കൊന്നത്. ഡൽഹിയിൽ മയൂർവിഹാർ ഫേസ് മൂന്നിൽ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
ട്യൂഷൻ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത് അടക്കമുള്ള നാല് മലയാളി വിദ്യാർഥികളെ പാൻമസാല വിൽപനക്കാൻ അടുത്തേക്ക് വിളിച്ചു. കടയിലെ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തർക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വിൽപനക്കാർ കടന്നുകളഞ്ഞു. ക്രൂരമായ മർദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.
മർദനത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപണമുണ്ട്. മർദനമേറ്റ കുട്ടികളിൽ നിന്ന് ഇന്നാണ് പൊലീസ് മൊഴിയെടുക്കൽ ആരംഭിച്ചത്.
നോയിഡയിൽ റിലയൻസ് ജീവനക്കാരനാണ് രജത്തിെൻറ പിതാവ് ഉണ്ണിക്കൃഷ്ണൻ. 25 വർഷമായി ഡൽഹിയിലാണ് താമസം.