ജനീവ: ദക്ഷിണ സുഡാനില്‍ സൈന്യത്തിന് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി നല്‍കുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. 2013ലെ ആഭ്യന്തര യുദ്ധത്തില്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ഹൈകമീഷണര്‍ ആണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
2013ല്‍ വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ആരംഭിച്ച ആഭ്യന്തര കലാപത്തിനിടയില്‍ നിരവധി മനുഷാവകാശ ലംഘനങ്ങളും കൈയ്യേറ്റങ്ങളും ക്രൂരതകളും അരങ്ങേറിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇവക്കെല്ലാം സര്‍ക്കാരിന്റെ ഒത്താശ ഉണ്ടായിരുന്നതായും യു.എന്‍ കുറ്റപ്പെടുത്തുന്നു. ജീവനോടെ ചുട്ടുകരിക്കുക, ഷിപ്പിങ് കണ്ടെയ്നറുകളില്‍ ശ്വാസം മുട്ടിച്ചുകൊല്ലുക, വെടിവെച്ചുകൊല്ലുക, കഷ്ണങ്ങളായി നുറുക്കുക, മരങ്ങളില്‍ തൂക്കിയിടുക തുടങ്ങി അതിനീചമായ രീതിയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. വിമതരെ സഹായിച്ചുവെന്നാരോപിച്ചാണ് സൈന്യം പാവപ്പെട്ടവരെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുട്ടികളുടെ മുമ്പില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട നിരവധി അമ്മമാരുണ്ടിവിടെ. വൃദ്ധകള്‍ പോലും പലപ്പോഴും കൂട്ടബലാല്‍സംഗത്തിന് ഇരകളാകാറുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും, മക്കളുടെ മുന്പില് അമ്മമാരെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുക, എതിര്‍ക്കുന്നവരെ കൊന്നു തള്ളുക തുടങ്ങിയവ സൈന്യത്തിന്റെ നിസാര വിനോദങ്ങളാണെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്നെ മരത്തില്‍ കെട്ടിയിട്ട് ശേഷം കണ്മുന്നില് വെച്ചാണ്? 15 വയസായ മകളെ 10 സൈനികര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തതെന്ന് ഒരു അമ്മ പറയുന്നു.
സൈനിക താവളങ്ങളില്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ പട്ടാളക്കാരുടെ ലൈംഗിക അടിമകളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1300 ഓളം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായാണ് പുറത്തു വരുന്ന കണക്കുകള്‍.
‘രാജ്യത്തിനായി നിങ്ങള്‍ക്കു കഴിയുന്നതു ചെയ്യൂ, രാജ്യത്തു നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതു സ്വീകരിക്കൂ’ എന്നാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ ഉടമ്പടിയാണ് രാജ്യത്തെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സൈന്യത്തിനു മൗനാനുവാദം നല്‍കുന്നത്. കാലിമോഷണവും കൊള്ളയും ബലാല്‍സംഗവും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതും പതിവാക്കിയ യുവാക്കള്‍ ഇതെല്ലാം അവര്‍ക്ക് നല്കപ്പെടുന്ന വേതനമായി കാണുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.