ദേശീയ വാക്കിങ് ചാമ്പ്യന്‍ഷിപ്:കെ.ടി നീനക്ക് സ്വര്‍ണം

01:16pm 29/2/2016
download

ജയ്പുര്‍: ദേശീയ റെയ്‌സ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരള താരം കെ.ടി. നീനക്ക് ജൂനിയര്‍ വനിതകളുടെ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം. 53:12.49 സമയത്തിലാണ് നീന ഫിനിഷ് ലൈനിലേക്ക് നടന്നത്തെിയത്. രാജസ്ഥാന്റെ ഭാവന ജാട്ട് വെള്ളിയും (53:27:79) ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക പട്ടേല്‍ വെങ്കലവും (53:32:95) നേടി. എട്ടു കിലോമീറ്റര്‍ വരെ ശക്തമായ മത്സരം നേരിട്ടാണ് നീന സ്വര്‍ണം നേടിയത്. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ വാക്കിങ് ചാമ്പ്യന്‍ഷിപ്, ഇറ്റലിയില്‍ നടക്കുന്ന വേള്‍ഡ് വാക്കിങ് ചാമ്പ്യന്‍ഷിപ് എന്നിവയിലേക്ക് യോഗ്യത നേടുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് കൂടിയാണ് ജയ്പുരില്‍ നടന്ന ദേശീയ പോരാട്ടം.
പാലക്കാട് പറളി സ്‌കൂളിലെ വിദ്യാര്‍ഥിയായ നീന തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിലേക്ക് നടക്കുന്നത്. എട്ടാം ക്‌ളാസു മുതല്‍ സംസ്ഥാന-ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ സ്ഥിരം സുവര്‍ണ സാന്നിധ്യമായിരുന്ന താരം, കഴിഞ്ഞ മാസം കോഴിക്കോട്ട് നടന്ന ദേശീയ മേളയിലെ സ്വര്‍ണക്കൊയ്‌ത്തോടെയാണ് സ്‌കൂള്‍ പോരാട്ടങ്ങള്‍ക്ക് തിരശ്ശീലയിട്ടത്. യുക്രെയ്‌നില്‍ നടന്ന യൂത്ത് മീറ്റിലും ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ഭാവി ഒളിമ്പിക് പ്രതീക്ഷയായ നീന പറളിയിലെ കമ്പ ചേനമ്പുര വീട്ടില്‍ തങ്കന്‍-നിര്‍മല ദമ്പതികളുടെ മകളാണ്.
പുരുഷന്മാരുടെ 50 കിലോമീറ്റര്‍ വിഭാഗത്തില്‍ ഒളിമ്പ്യന്‍ ബസന്ത് ബഹാദൂര്‍ സിങ് റാണ സ്വര്‍ണം നേടി. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെയും അവസാനത്തെയും ദിനമായിരുന്ന ഇന്നലെ നാലു മണിക്കൂര്‍ ഏഴു മിനിറ്റ് 24 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്താണ് റാണ സ്വര്‍ണമണിഞ്ഞത്. എന്നാല്‍, ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ 20 കിലോമീറ്റര്‍ വിഭാഗത്തില്‍ മലയാളി ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍ ഉള്‍പ്പെടെ ഏഴു താരങ്ങള്‍ റിയോ ഒളിമ്പിക്‌സ് യോഗ്യതാസമയം സ്വന്തമാക്കിയിരുന്നു.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 3:56:48 സമയത്തിലാണ് റാണ ഫിനിഷ് ചെയ്തത്. അന്നത്തെ ദേശീയ റെക്കോഡുമായിരുന്നു ഈ സമയം. റാണക്ക് പിന്നില്‍ ഉത്തരാഖണ്ഡിന്റെ ചന്ദന്‍ സിങ് (4:09:50) വെള്ളിയും രാജസ്ഥാന്റെ ജിതേന്ദര്‍ സിങ് റാത്തോഡ് (4:12:10) വെങ്കലവും നേടി.