നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ജൂണിയര്‍ – സീനിയര്‍ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ 7 മുതല്‍

08:43am 23/5/2016
– ബെന്നി പരിമണം
Newsimg1_24187037
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം നോര്‍ത്ത്- ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂണിയര്‍ – സീനിയര്‍ സമ്മേളനം ജൂലൈ 7 മുതല്‍ 10 വരെ നടക്കും. ന്യൂജേഴ്‌സി റാംപോ കോളജില്‍ വച്ചു നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം “The Blueprint’ എന്നതാണ്. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ ജൂലൈ ഏഴിന് വൈകിട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ത്ത്- ഈസ്റ്റ് റീജിയനിലെ വിവിധ ദൈവാലയങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം അനുഗ്രഹമാക്കുവാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

അഭി. പീലക്‌സിനോസ് തിരുമേനിയെ കൂടാതെ റവ. ഷിബി എം. ഏബ്രഹാം, റവ. ഡെന്നീസ് ഏബ്രഹാം, ഷിനോ ജോര്‍ജ്, ബെന്‍സന്‍ ജി. ബാബു എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. ചിന്താവിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍, ഗാനപരിശീലനം, വേദപഠനം, ഗ്രൂപ്പ് ഡിസ്കഷന്‍, ടാലന്റ് നൈറ്റ്, വിനോദ പരിപാടികള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും. കുട്ടികളെ ദൈവവുമായുള്ള ബന്ധത്തില്‍ നിര്‍ത്തുവാനും, ഉത്തമ വ്യക്തിത്വത്തിനുടമകളാക്കി മാറ്റുവാനും ഈ സമ്മേളനം മുഖാന്തിരമാകും എന്നുള്ളത് അഭിമാനകരമാണ്. കോണ്‍ഫറന്‍സിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി ഏവരുടേയും പ്രാര്‍ത്ഥകളും സഹായവും ഉണ്ടാകാന്‍ താത്പര്യപ്പെടുന്നതായി നോര്‍ത്ത് ഈസ്റ്റ് സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ഷിബി ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: jrsrconf.worldpress.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.