പൗരത്വം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചു

12:09pm 14/3/2016

download (2)

ന്യുഡല്‍ഹി: ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ബി.ജെ.പി. ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന പരാതിയില്‍ പാര്‍ലമെന്റ് എത്തിക്സ് പാനല്‍ നോട്ടീസ് അയച്ചു. എല്‍.കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് പാനല്‍ രാഹുലിന് കത്ത് നല്‍കിയത്.
ലണ്ടനിലെ ഒരു കമ്പനിയില്‍ ഡയറക്ടര്‍ ആകുന്നതിന് കമ്പനിക്ക് നല്‍കിയ കത്തില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വെളിപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വാമി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി ഈസ്റ്റിലെ ബി.ജെ.പി എം.പി മഹേഷ് ഗിരിയും ഇക്കാര്യം ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിഷയം സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം മറുപടി നല്‍കിയ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എത്തിക്സ് കമ്മിറ്റി അംഗം അര്‍ജുന്‍ രാം മെഗ്വാല്‍ പറഞ്ഞു.
2003ല്‍ ബ്രിട്ടണില്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് നല്‍കിയ കത്തില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നുണ്ടെന്നും ബ്രിട്ടണിലെ വിലാസം നല്‍കിയിരുന്നതായും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കമ്പനിയുടെ മൊത്തം ഓഹരിയില്‍ 65 ശതമാനം രാഹുല്‍ ഗാന്ധിയുടേതാണെന്നും സ്വാമി ആരോപിക്കുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള രാഹുലിന്റെ ഇന്ത്യന്‍ പൗരത്വവും പാര്‍ലമെന്റ് അംഗത്വവും റദ്ദാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.