01:30pm 7/6/2016
വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്നാണ് റോജര്‍ ക്ലിന്റനെ പിടികൂടിയത്. തുടര്‍ന്ന് റെഡേണ്ടോ ബീച്ച് ജയിലില്‍ അടച്ച റോജര്‍ 15,000 ഡോളര്‍ പിഴയടച്ച ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സെപ്തംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ജയിലിലെ പരിശോധനകളോട് റോജര്‍ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു.
മദ്യലഹരിയില്‍ അലസമായി വാഹനമോടിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി റോജറെ കസ്റ്റഡിയില്‍ എടുത്തത്. ഇതാദ്യമായാല്ല റോജര്‍ വെള്ളമടിച്ച് കാറോടിച്ചതിന് പിടിയിലാകുന്നത്. 2001ലും ഇയാള്‍ പിടിയിലായിരുന്നു. 1980കളില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ക്ലിന്റണ്‍ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇയാള്‍ക്ക് മാപ്പ്‌നല്‍കി വിട്ടയക്കുകയായിരുന്നു. കിന്റണ്‍ ഭരണകൂടത്തിന് പ്രസിഡന്റിന്റെ സഹോദരങ്ങള്‍ ഇത്തരത്തില്‍ ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരുന്നത്.
ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചതിനു പിന്നാലെയാണ് ഭര്‍തൃ സഹോദരന്‍ വെള്ളമടിച്ച് പിടിയിലാകുന്നത്. ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ പ്രൈമറിക്കായി ഹിലരി പ്രചാരണം ഉര്‍ജിതമാക്കിയിരിക്കേയാണ് ഈ സംഭവം. ഇത് ഹിലരിക്ക് ക്ഷീണം ചെയ്യും.