09:50am
19/2/2016
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഈ വര്‍ഷത്തെ (2016) ഫെബ്രുവ്രി സമ്മേളനം 14-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു.
മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം, ഈ മാസം 13-ന് അന്തരിച്ച സുപ്രസിദ്ധകവി ഒ.എന്‍.വി. കുറുപ്പിനെ പ്രാര്‍ത്ഥനയോടെ അനുസ്മരിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ ‘എഴുതാത്ത കവിത’ എന്ന കവിത ജി. പുത്തന്‍കുരിശ് ചൊല്ലുകയും ചെയ്തു. സമ്മേളനത്തിന്റെ തുടക്കമായി ഹ്യൂസ്റ്റന്‍ നഗരത്തിലെ ലൈബ്രററിയില്‍ മലയാളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബാബു തെക്കേക്കര അഭിപ്രായം മുന്നോട്ടുവയ്ക്കുകയും അതേക്കുറിച്ച് കൂടുതല്‍ വിവരിക്കുകയും ചെയ്തു. ഈ അഭിപ്രായത്തെ സദസ്യര്‍ ഒരുപോലെ അംഗീകരിച്ചു. അതിനുവേണ്ടി അദ്ദേഹവും മണ്ണിക്കരോട്ടും ചേര്‍ന്ന് ശ്രമിക്കുന്നതാണ്. തുടര്‍ന്ന് നൈനാന് മാത്തുള്ള അദ്ദേഹത്തിന്റെ അടുത്ത സമയത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കുറിച്ച് വിവരിച്ചു. ‘Metamorphosis of an Atheist’ എന്ന ഇംഗ്ലീഷ് കൃതിയുടെ ‘ഒരു നിരീശ്വരവാദിയുടെ രൂപാന്തരം’ എന്ന മലയാള പരിഭാഷയും ഹിന്ദി പരിഭാഷയുമാണ് പരിചയപ്പെടുത്തിയ കൃതികള്‍.
പ്രധാന സമ്മേളനത്തിന്റെ ഭാഗമായി ഷിജു തച്ചനാലില്‍ ‘ടി വൊ എന്ന ടാക്സിക്കാരന്’ എന്ന ചെറുകഥ അവതരിപ്പിച്ചു. ഇന്‍ഡ്യക്കാരെപ്പോലെ ഒരു നല്ല ജീവിതം തേടി അമേരിക്കയില്‍ കുടിയേറിയ വിയറ്റ്നാംകാരനാണ് ടി വൊ. പക്ഷേ അയാളുടെ കുടിയേറ്റത്തിനും ഇന്‍ഡ്യക്കാരുടെ കുടിയേറ്റത്തിനും വ്യത്യാസമുണ്ട്. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ നീണ്ടയുദ്ധത്തിന്റെ കെടുതികളുടെ ദുഃഖവും പേറി ജീവിതമാര്‍ഗ്ഗം ഇല്ലാതെ അവസാനം നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തിപ്പെട്ട ഒരു വിയറ്റ്നാമി. അവിടെയും സ്നേഹിതന്റെ ചൂഷണത്തില്‍പെട്ട് ജീവിതം വഴിമുട്ടിയ കുടിയേറ്റക്കാരന്. വര്‍ഷങ്ങളുടെ ഒഴുക്കില്‍ അയാള്‍ അമേരിക്കന്‍ പൗരനായി. എന്നാല്‍ ജീവിതം മുഴുവന്‍ തന്റെ കാറില്‍ മാത്രമായി ഹോമിക്കേണ്ടിവന്ന ഹതഭാഗ്യന്. അതും ഒരു ടാക്സി. എന്തായാലും അയാള്‍ക്കും ഏറെ മേഹങ്ങള്‍ ഉണ്ടായിരുന്നു. എപ്പോഴെങ്കിലും നാട്ടില്‍ തിരികെ എത്തി വിവാഹം കഴിച്ച് ഒരു നല്ല ജീവിതം കണ്ടെത്താമെന്ന ആഗ്രഹം. എന്നാല്‍ ഒരു പ്രണയിനിയെപ്പോലെ സ്നേഹിച്ച ആ ടാക്സിയില്‍തന്നെ അവസാനം അയാളുടെ ജീവനും അസസാനിക്കുകയാണ്. കഥാകൃത്തിന് അമേരിക്കയില്‍ ഒരു ടാക്സിക്കാരനുമായി യാദൃച്ഛികമായി ഉണ്ടായ അനുഭവങ്ങളുടെ കഥാരൂപമാണ് ‘ടി വൊ എന്ന ടാക്സിക്കാരന്’.
തുടര്‍ന്ന് ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ സ്വപ്നാടനം എന്ന കഥ അവതരിപ്പിച്ചു. നാട്ടിലെ യുവാക്കളുടെ പ്രത്യേകിച്ച് പ്രിഡിഗ്രിയ്ക്കും കോളെജിലുമൊക്കെ പഠിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ചാപല്യങ്ങള്‍ കഥാരൂപത്തില്‍ ഇവിടെ അനാവരണം ചെയ്തിരിക്കുകയാണ്. ‘എ’ റേറ്റിംഗുള്ള സിനിമാ കാണുന്നതും തട്ടുകടയും ചെറിയ തോതില്‍ മദ്യപാനവുമെല്ലാം ‘കഥയില്ലാത്തവരുടെ കഥ’യെന്ന് മറ്റൊരുപേരില്‍ അറിയുന്ന ഈ കഥയുടെ ഭാഗമാകുന്നു.
ചര്‍ച്ചയില്‍ കുര്യന് മ്യാലില്‍, ജി. പുത്തന്‍കുരിശ്, പൊന്നുപിള്ള, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജെയിംസ് ചാക്കൊ, നൈനാന് മാത്തുള്ള, തോമസ് വര്‍ഗ്ഗീസ്, ജോസഫ് തച്ചാറ, ടി.എന്‍. ഫിലിപ്പ്, ബാബു തെക്കെക്കര, തോമസ് വൈക്കത്തുശ്ശേരി, ടി.എന്‍. സാമുവല്‍, ഷിജു തച്ചനാലില്‍ മുതലായവര്‍ സജീവമായി പങ്കെടുത്തു.
അടുത്ത സമ്മേളനം മാര്‍ച്ച് 13-ന് നടക്കുന്നതാണ്. ഒ.എന്‍.വി. കവിതകളായിരിക്കും പ്രധാന വിഷയം.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217