മുംബൈ ഇന്ത്യന്‍സിന്‌ ജയം

01:08pm 12/5/2016
download (6)
ബംഗളുരു: വാങ്ങിയത്‌ തിരികെ കൊടുത്തു കീറോണ്‍ പൊള്ളാര്‍ഡ്‌ മിന്നിയപ്പോള്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്‌ ജയം.
ഇന്നലെ സ്വന്തം തട്ടകമായ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആറു വിക്കറ്റിനാണ്‌ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈയ്‌ക്കു മുമ്പില്‍ കീഴടങ്ങിയത്‌.
ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റു ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 151 റണ്‍സാണ്‌ നേടിയത്‌.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു പന്ത്‌ ബാക്കി നില്‍ക്കെ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 153 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു.
19 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 35 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന പൊള്ളാര്‍ഡും 11 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും മൂന്നു സിക്‌സറുകളുമടക്കം 29 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന്‌ ജോസ്‌ ബട്‌ലറുമാണ്‌ മുംബൈയെ വിജയതീരത്തെത്തിച്ചത്‌.
47 പന്തില്‍ നിന്ന്‌ രണ്ടു വീതം സിക്‌സറുകളും ബൗണ്ടറികളും പറത്തി 44 റണ്‍സ്‌ നേടിയ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. നായകന്‍ രോഹിത്‌ ശര്‍മ 25 റണ്‍സ്‌ നേടി.
ഒരു ഘട്ടത്തില്‍ വിജയം കൈവിടുമെന്ന്‌ തോന്നിച്ചിടത്തു നിന്നു പൊള്ളാര്‍ഡ്‌-ബട്‌ലര്‍ സഖ്യമാണ്‌ മുംബൈയെ കരകയറ്റിയത്‌.
നേരത്ത ബൗള്‍ ചെയ്‌തപ്പോള്‍ 17-ാം ഓവറില്‍ പൊള്ളാര്‍ഡ്‌ വഴങ്ങിയ 23 റണ്‍സാണ്‌ ബാംഗ്ലൂരിന്‌ മികച്ച സ്‌കോര്‍ നേടാന്‍ സഹായകരമായത്‌. ഇതിനു പ്രായശ്‌ചിത്തം കൂടിയായി പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സ്.
53 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പടെ 68 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന രാഹുലാണ്‌ റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്‌സ്കോറര്‍.
നാലോവറില്‍ രണ്ടിന്‌ 17 എന്ന നിലയില്‍ ടീം തകര്‍ച്ച നേരിടുമ്പോഴാണ്‌ രാഹുല്‍ ക്രീസില്‍ എത്തുന്നത്‌. ആദ്യം എ.ബി. ഡിവില്യേഴ്‌സിനൊപ്പം(24) 43 റണ്‍സും പിന്നീട്‌ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം(25) 53 റണ്‍സും കൂട്ടിച്ചേര്‍ത്ത രാഹുല്‍ ടീമിനെ ഒറ്റയ്‌ക്ക് ചുമലിലേറ്റുകയായിരുന്നു.
ഒരുഘട്ടത്തില്‍ 130 കടക്കില്ലെന്ന്‌ തോന്നിച്ച അവര്‍ക്ക്‌ സച്ചിന്‍ ബേബിയുടെ കൂറ്റനടികളും തുണയായി.
17-ാം ഓവര്‍ എറിഞ്ഞ പൊള്ളാര്‍ഡിനെ തുടര്‍ച്ചയായി രണ്ടു സിക്‌സറിനും ഒരു ബൗണ്ടറിക്കും സച്ചിന്‍ ബേബി ശിക്ഷിച്ചപ്പോള്‍ ആ ഓവറില്‍ പിറന്നത്‌ 23 റണ്‍സാണ്‌. ഈ പ്രകടനമാണ്‌ ടീമിനെ 150 കടത്തിയത്‌.
ക്രിസ്‌ ഗെയ്‌ല്‍(5), നായകന്‍ വിരാട്‌ കോഹ്ലി(7), ഷെയ്‌ന്‍ വാട്‌സണ്‍(15) എന്നിവര്‍ നിരാശപ്പെടുത്തിയത്‌ ബാംഗ്ലൂരിന്‌ വിനയായി. മുംബൈയ്‌ക്കു വേണ്ടി നാലോവറില്‍ വെറും 15 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്‌ത്തിയ കൃണാല്‍ പാണ്ഡെയാണ്‌ മികച്ച ബൗളിങ്‌ കാഴ്‌ചവച്ചത്‌. ടിം സൗത്തി, മിച്ചല്‍ മക്‌ഗ്ലെനഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.