മുകേഷിനെതിരെ ആദ്യ ഭാര്യ സരിത

07:59am 16/05/2016
05-mukesh-spolied-life-career-says-saritha
ദുബൈ: കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശവുമായി ആദ്യ ഭാര്യ നടി സരിത ദുബൈയില്‍ വാര്‍ത്താസമ്മേളനം നടത്തി. സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് നേതാവാകുകയെന്ന് അവര്‍ ചോദിച്ചു. പണത്തോട് ആര്‍ത്തിയുള്ള മനുഷ്യനാണ് മുകേഷ്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്തയാളാണ്. മക്കളെ നോക്കാത്ത ആള്‍. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരുപാട് പീഡിപ്പിച്ചു. അദ്ദേഹത്തിന്‍െറ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് ഇത്രയും നാള്‍ മൗനം പാലിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ തന്‍െറയോ മക്കളുടെയോ പേരില്ല. വിവാഹ മോചനം നേടാതെ എങ്ങനെയാണ് ഇപ്രകാരം പേര് ഒഴിവാക്കുകയെന്നും അവര്‍ ചോദിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കും. താന്‍ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോഡിങ്ങില്‍ നിര്‍ത്തി പഠിപ്പിച്ചത്. മുകേഷ് വീണ്ടും വിവാഹം കഴിച്ചത് താന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

താന്‍ കേരളത്തിന്‍െറ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും സരിത പറഞ്ഞു. ആരുടെയും പ്രേരണ കൊണ്ടല്ല തെരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. അയാള്‍ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ളെന്നും സരിത പറഞ്ഞു. മൂത്തമകന്‍െറ എം.ബി.ബി.എസ് പഠനത്തിനാണ് അഞ്ച് വര്‍ഷം മുമ്പ് സരിത യു.എ.ഇയിലത്തെിയത്. മകന്‍ റാസല്‍ഖൈമ മെഡിക്കല്‍ കോളജില്‍ ഇന്‍േറണ്‍ഷിപ്പ് ചെയ്യുന്നു. ബി.ബി.എം ബിരുദധാരിയായ രണ്ടാമത്തെ മകന്‍ ഇവിടെ തന്നെ ജോലി ചെയ്യുന്നു. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ്.