വോട്ടെടുപ്പ് ആരംഭിച്ചു

07:55am 16/5/2016

download (2)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് തുടക്കമായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയാണുള്ളത്. സി.പി.എം പി.ബി അംഗം പിണറായി വിജയൻ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകൻ സുരേഷ്ഗോപി എന്നിവർ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി. 2.60 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ എല്ലാ നടപടിയും കൈക്കൊണ്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരസ്യ പ്രചാരണം അവസാനിച്ചതിനത്തെുടര്‍ന്ന് വോട്ടുറപ്പിക്കാനുള്ള നിശ്ശബ്ദ പ്രവര്‍ത്തനത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍ ഞായറാഴ്ച.

സി.പി.എം പി.ബി അംഗം പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തുന്നു

സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വ്യാഴാഴ്ച ഉച്ചയോടെതന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 3176 പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത്. ഗുരുതര പ്രശ്നബാധിതമെന്ന് കണ്ടത്തെിയ 1233 ബൂത്തുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണ്.

52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്. ഇത്രയും കേന്ദ്ര സേനാംഗങ്ങള്‍ സംസ്ഥാനത്ത് ആദ്യമാണ്. 3137 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിലെ പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവിടെ 1040 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 1,11,897 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടുയന്ത്രമടക്കം തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഞായറാഴ്ച പോളിങ് സ്റ്റേഷനിലത്തെിയ ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജമാക്കി. ഇവര്‍ക്കായി പ്രത്യേക വാഹനവും സുരക്ഷയും ഒരുക്കിയിരുന്നു. മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും മികച്ച പോളിങ് ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 2011ല്‍ 75.12 ആയിരുന്നു പോളിങ് ശതമാനം. ഇക്കുറി 26019284 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 13508693ഉം പുരുഷന്മാര്‍ 12510589 ഉം. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലും. ഇതില്‍ 23289 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 23147871 വോട്ടര്‍മാരായിരുന്നു കഴിഞ്ഞതവണ പട്ടികയിലുണ്ടായിരുന്നത്.

പ്രശ്നബാധിത ബൂത്തുകളിലൊന്നായ കണ്ണൂര്‍ ചാലാട് വെസ്റ്റ് എല്‍.പി സ്കൂള്‍ കേന്ദ്രസേനയുടെ കാവലില്‍

21498 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെമ്പാടുമായി സജ്ജമാക്കിയിരിക്കുന്നത്. 148 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചു. 12 മണ്ഡലങ്ങളിലെ 1650 ബൂത്തുകളില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കാണാവുന്ന സ്ളിപ് സംവിധാനമുള്ള വിവിപാറ്റ് എന്ന ആധുനിക വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ട് പതിഞ്ഞതിന്‍െറ സ്ളിപ് വോട്ടര്‍ക്ക് കാണാനാകും. രാവിലെ 6.15ഓടെ മോക്പോള്‍ തുടങ്ങും. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനാണിത്. ഇക്കുറി വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ചിട്ടുണ്ട്. നോട്ടക്കും ചിഹ്നമുണ്ടായിരിക്കും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്‍െറ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും.