ഹൈദരാബാദിനും മുംബൈക്കും ജയം

07:53am 16/5/2016

download (1)

മൊഹാലി: ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരായ മത്സരം തോറ്റതോടെ ഐ.പി.എല്‍ പ്ളേഓഫ് കാണാതെ കിങ്സ് ഇലവന്‍ പഞ്ചാബ് പുറത്തായി. ഹാഷിം അംലയുടെ അര്‍ധസെഞ്ച്വറിയുടെ (56 പന്തില്‍ 96) മികവില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയെങ്കിലും മുന്‍നിരക്കാരുടെ മികവില്‍ ഹൈദരാബാദ് ഏഴു വിക്കറ്റിന് വിജയം പിടിച്ചെടുക്കുകയായിരുന്നു. 12 കളികളില്‍നിന്ന് എട്ടു പോയന്‍റാണ് പഞ്ചാബിന്‍െറ സമ്പാദ്യം. 16 പോയന്‍റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതാണ്.
ഹൈദരാബാദ് നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (52), യുവരാജ് സിങ് (42*), ദീപക് ഹൂഡ (34), ശിഖര്‍ ധവാന്‍ (25), ബെന്‍ കട്ടിങ ്(21*) എന്നിവര്‍ തിളങ്ങി. സ്വന്തം മൈതാനത്ത് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബിന് സ്കോര്‍ 33ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ മുരളി വിജയ്യെ (6) നഷ്ടപ്പെട്ടു. വൃദ്ധിമാന്‍ സാഹ (27), ഗുര്‍കീറത് സിങ് (27), ഡേവിഡ് മില്ലര്‍ (20*) എന്നിവര്‍ അംലക്ക് ഉറച്ച പിന്തുണ നല്‍കി. അവസാന ഓവറില്‍ സെഞ്ച്വറിക്കരികെയാണ് അംല വീണത്. ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. വാര്‍ണറും ധവാനും ഗംഭീര തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്.
മറ്റൊരു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 80 റണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ നാലിന് 206 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 19.1 ഓവറില്‍ 126ന് പുറത്തായി. 86 റണ്‍സും രണ്ടു വിക്കറ്റും വീഴ്ത്തിയ കൃണാല്‍ പാണ്ഡ്യയാണ് മുംബൈയുടെ വിജയ ശില്‍പി.