മൂഷികസേനയും ദിലീപിനെതിരായ പ്രതിഷേധവും

d_14

2/2/2016

മതം സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു രോഗാവന്ഥയുലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതത്തെ അവഹേളിക്കാന്‍ സിനിമയും സജ്ജീവമായിരിക്കുകയാണ്
സദാചാരപൊലീസ് നടത്തുന്ന മതസംഘടനകള്‍ക്കുള്ള ട്രോളാണിത്. ഡിങ്ക ഭക്തന്മാരുടെ സംഘടനയാണ് മൂഷികസേന. ദിലീപിന്റെ പുതിയ രാമചന്ദ്രബാബു ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതില്‍ പ്രതിഷേധിച്ച് ദിലീപിന്റെ ദേ പുട്ട് എന്ന റെസ്‌റ്റോറന്റിലേക്ക് കഴിഞ്ഞ ദിവസം മോക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് മൂഷികസേനയുടെ പേരിലായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്‌റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്.

ഡിങ്കോയിസ്റ്റുകള്‍ക്ക് പറയാനുള്ളത്

ഇന്നലത്തെ പ്രതിഷേധത്തില്‍ ഉദ്ദേശം 30 പേര്‍ പങ്കെടുത്തിട്ടുണ്ടാവും. ബാക്കിയുള്ള മതങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കാലത്ത് ഡിങ്കോയിസത്തിന്റെ ദൈവമായ ഡിങ്കനെ അപമാനിക്കുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ല. ദിലീപ് ആദ്യമായല്ല ഡിങ്കനെ അപമാനിക്കുന്നത്. പറക്കുംതളിക എന്ന അദ്ദേഹത്തിന്റെ മുന്‍ചിത്രം ആണ് മറ്റൊരു ഉദാഹരണം. ഡിങ്കോയിസത്തിന്റെ വലിയൊരു പ്രതീകമായ എലിയെ പറക്കുംതളികയില്‍ ദിലീപ് അപമാനിച്ചിരുന്നു. ദിലീപും ഹരിശ്രീ അശോകനും പങ്കെടുക്കുന്ന ഒരു രംഗത്തില്‍. ഇതില്‍നിന്നൊക്കെ മനസിലാവുന്നത് ദിലീപ് കുറേക്കാലമായി ഡിങ്കോയിസ്റ്റുകളെ മനപൂര്‍വ്വം അപമാനിക്കാനും കരിവാരിത്തേക്കാനും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ്. വളരെ ക്ഷമയുള്ള മതമാണ് ഡിങ്കോയിസം. പക്ഷേ ഇനി ക്ഷമിക്കാനാവില്ല. പ്രതിഷേധ പരിപാടികള്‍ ഇനിയും ആസൂത്രണം ചെയ്യണമെന്നാണ് ആലോചിക്കുന്നത്.

ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാണ്. പ്രൊഫസര്‍ ഡിങ്കന്റെ തിരക്കഥ ഞങ്ങളെ കാണിക്കണം. അത് ഞങ്ങള്‍ വിലയിരുത്തും. എന്നിട്ട് മാത്രമേ തീയേറ്ററുകളിലെത്തിക്കാവൂ എന്നതാണ് ഞങ്ങളുടെ ആവശ്യം.

പ്രതിഷേധത്തിന് ശേഷം സമാനമനസ്‌കരായ ഒരുപാടുപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ പറയുന്നത് നിയമപരമായി നീങ്ങണമെന്നാണ്. കാരണം മറ്റ് മതവിശ്വാസികള്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട് വികാരം. ഡിങ്കനാണ് ഏക സത്യദൈവം എന്നാണ് ഞങ്ങളുടെ വിശ്വാസം. പക്ഷേ പാരമ്പര്യ സെമറ്റിക് മതങ്ങളേക്കാളൊക്കെ എത്രയോ പഴക്കമുള്ളതാണ് ഡിങ്കമതം.

മറ്റ് മതങ്ങളേക്കാള്‍ ദേവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മതമാണിത്. കൂടുതല്‍ കാരുണ്യവും സഹിഷ്ണുതയും ഉള്ള മതവുമാണിത്. നമുക്ക് സഹിഷ്ണുതയുണ്ട്. ഇപ്പോള്‍ത്തന്നെ നമ്മള്‍ ദിലീപിനെ അക്രമിച്ചിട്ടില്ലല്ലോ? അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റ് കത്തിച്ചിട്ടുമില്ല. ഇതൊക്കെയല്ലേ മറ്റ് മതങ്ങള്‍ ചെയ്യാറ്? പക്ഷേ പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് മറ്റ് പ്രക്ഷോഭ പരിപാടികളെക്കുറിച്ചും ആലോചിക്കേണ്ടിവരും.

പിന്നെ ഡിങ്കമതത്തിന്റെ മേന്മ നാലാളെ കൂടുതല്‍ അറിയിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ആരാധനാലയങ്ങളും ഡിങ്കമത ശുശ്രൂഷയുമൊക്കെ പരിഗണനയിലുണ്ടെന്നും ഡിങ്കമതാനുയായി സുകേഷ് സൗത്ത്‌ലൈവിനോട് പറഞ്ഞു.