മോഷണക്കേസില്‍ സംശയം : ഒന്നര വയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

10:02am
17/2/2016
1455652678_b1702cr

മൂലമറ്റം: മോഷണക്കേസില്‍ സംശയിക്കപ്പെട്ടതോടെ ഒന്നര വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇലപ്പളളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയിസമ്മ (സുനിത 28)യാണ് മകന്‍ ആഷിനെ കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിസമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയായ കുപ്പേലാനിക്കല്‍ അന്നമ്മ(96)യെ ആരോ തലയ്ക്കടിച്ചു മാല കവര്‍ന്നിരുന്നു. ഇതില്‍ ജയിസമ്മയ്ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പോലീസ് വിവരം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാത്രി കട്ടപ്പനയില്‍നിന്നു ജോലി കഴിഞ്ഞു വന്ന വിന്‍സെന്റ് ഇതേപ്പറ്റി ജയിസമ്മയോട് തിരക്കി.
ആരോപണം നിഷേധിച്ച ജയിസമ്മ, പോലീസ് വിളിപ്പിച്ചാല്‍ കുഞ്ഞിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിന്‍സെന്റിന്റെ പിതാവ് ജോസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് പോലീസിനു മൊഴി നല്‍കി. ജില്ലാ പോലീസ് മേധാവിയേയും വിവരമറിയിച്ചു.
രാത്രിയിലെ സംസാരത്തിനു ശേഷം രണ്ടു മണിയോടെയാണ് കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. മൂന്നു മണിയോടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോള്‍ ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ജയിസമ്മയേയും അനക്കമില്ലാതെ കിടക്കുന്ന ഒന്നര വയസുകാരന്‍ ആഷിനെയുമാണ് കണ്ടത്. ഞരമ്പ് മുറിച്ചശേഷം ജയിസമ്മ പാരസെറ്റമോള്‍ ഗുളികകളും കഴിച്ചിരുന്നു. ആഷിന്‍ വീട്ടില്‍വച്ചു തന്നെ മരിച്ചു. കിടക്കാന്‍ നേരം പുതിയ ഉടുപ്പ് ഇടീപ്പിച്ചശേഷമാണ് ആഷിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇലപ്പളളി സെന്റ് ലൂക്സ് സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിച്ചു. കാഞ്ഞാര്‍ സി.ഐ: പി.എ തങ്കപ്പന്‍, എസ്.ഐ: കെ ആര്‍ ബിജു, അഡീഷണല്‍ എസ്.ഐ: നാസര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടനില തരണം ചെയ്ത ജയിസമ്മ പോലീസ് കാവലിലാണ്. ആഷിന്റെ മൂത്ത സഹോദരന്‍ ആഷിക് (എട്ട്) ഇലപ്പള്ളി ഗവ. എല്‍.പി. സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.