01:39pm
11/02/2016
ന്യൂഡല്‍ഹി: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ നിന്ന് ആറുദിവസത്തിനുശേഷം രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ഹനുമന്തപ്പ (33)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി യില്‍ രാവിലെ 11.45നായിരുന്നു ധീരസൈനികന്റെ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതാണ് മരണ കാരണമായത്. ആറ് ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയതിന് ശേഷമാണ് ഹനുമന്തപ്പയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ശരീരോഷ്മാവ് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് ശരീരോഷ്മാവ് കൂട്ടാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. എയിംസില്‍ നിന്ന് വിഗദ്ധ ഡോക്ടര്‍മാരുടെ സംഘമായിരുന്നു ഹനുമന്തപ്പയുടെ ജീവന് രക്ഷിക്കാന്‍ പരിശ്രമിച്ചത്.
കര്‍ണാടകയിലെ ധാര്‍വാഡ് സ്വദേശിയാണ് ഹനുമന്തപ്പ. ഫെബ്രുവരി മൂന്നിനാണ് മദ്രാസ് റെജിമെന്റിലെ ഹനുമന്തപ്പയടക്കം പത്തു സൈനികര്‍ സിയാചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ടത്. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം എല്ലാവരും മരിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഫെബ്രുവരി എട്ടിന് സൈനികര്‍ നടത്തിയ തെരച്ചിലില്‍ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ഫോഴ്സിന്റെ എല്ലാ സംവിധാനങ്ങളോടും കൂടിയ വിമാനത്തില്‍ ഹനുമന്തപ്പയെ ഡല്‍ഹിയില്‍ എത്തിക്കുയായിരുന്നു. മഞ്ഞിനടിയില്‍ 35 അടി താഴ്ചയില്‍ നിന്നാണ് ഹനുമന്തപ്പയെ രക്ഷിച്ചത്.