12:49pm 12/3/2016
ജോയിച്ചന്‍ പുതുക്കുളം
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ കരുണയുടെ വര്‍ഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
2016 മാര്‍ച്ച് 6-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി വികാരി ഫാ. ജയിംസ് നിരപ്പേല്‍, ഫാ. റ്റിജോ മുല്ലക്കര എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വാതില്‍ വെഞ്ചരിച്ച് ഭക്തിനിര്‍ഭരമായ ധന്യമുഹൂര്‍ത്തത്തില്‍ ദേവാലയത്തിന്റെ പ്രധാന വാതില്‍ തുറക്കുകയും വിശ്വാസികളോടൊപ്പം ദേവാലയത്തില്‍ പ്രവേശിക്കുകയും ചെയ്തു.
ഫാ. ജയിംസ് നിരപ്പേല്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ഫാ. റ്റിജോ മുല്ലക്കര വചനസന്ദേശം നല്‍കി. വിവിധ പ്രശ്‌നങ്ങളാല്‍ കഷ്ടത അനുഭവിക്കുന്നവര്‍ കരുണയുടേയും പ്രാര്‍ത്ഥനയുടേയും മാര്‍ഗ്ഗത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞ് വിശുദ്ധിയില്‍ ജീവിക്കണം. സഹജീവികളോട് കരുണ കാണിക്കണം. കരുണയുടെ വാതിലിലൂടെ പ്രവേശിച്ച് പൂര്‍ണ്ണ ദണ്ഡവിമോചനം നേടണമെന്നും റ്റിജോ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ 6:36) എന്ന മഹദ്‌വചനത്താല്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ കരുണയുടെ ജൂബിലിവര്‍ഷത്തിനു തുടക്കംകുറിച്ചു.
പരിശുദ്ധ പിതാവിന്റെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ സാന്റാ അന്ന പള്ളിയും മറ്റ് എട്ട് പള്ളികളും കരുണയുടെ ജൂബിലി ആഘോഷങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളതായി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.