– ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ വാര്‍ഷികം ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണി മുതല്‍ വെസ്റ്റ് ന്യായക്കിലുള്ള ക്ലാര്‍ക്സ്‌ടൌണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു. നേഹ ജ്യോ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടെയും സീനിയര്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയും പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മലയാളം സ്കൂളിലെ അധ്യാപകരെ അസോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ അനുമോദിക്കുകയും മുഖ്യാതിഥി പ്രൊഫസര്‍ ഡോ. ഓമന റസ്സലിനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
മലയാള ഭാഷ പഠിക്കുന്നതിന്റെ പ്രയോജനം മലയാള സംസ്കാരം അടുത്തറിയാന്‍ സാധിക്കുന്നു എന്നത് തന്നെയാണെന്ന് പ്രൊഫ. ഓമന റസ്സല്‍ തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. രാജാവ് നഗ്നനാണ് എന്ന കഥ പറഞ്ഞുകൊണ്ട് ബാല്യത്തിലെ നിഷ്കളങ്കതയ്ക്ക് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.
അസോസിയേഷന്‍ സെക്രട്ടറി അജിന്‍ ആന്റണി, കുട്ടികളില്‍ വായനാശീലം വളര്‍ത്തുവാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കണമെന്ന് പറഞ്ഞു.
സേഥ് മാത്യു, സാന്‍സിയ മാത്യു, റിയ മാത്യു, മെറിന, റേച്ചല്‍ നൈനാന്‍, അലീന എന്നിവര്‍ നൃത്തങ്ങള്‍ കാഴ്ച്ച വച്ചു. നേഹ ജ്യോ, അലീന മുണ്ടക്കല്‍, മറിന അലക്സ്, നിഹില്‍ ജ്യോ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. ഉപകരണ സംഗീതത്തിലൂടെ നേഹ റോയ്, ഷോണ്‍ ആന്റണി, എബല്‍ എബ്രഹാം, ജസ്റ്റിന്‍ പോള്‍ എന്നിവര്‍ അവരുടെ മികവു തെളിയിച്ചു. ആല്‍ബര്‍ട്ട് പറമ്പി, ഇവാന്‍ ഡി. അല്‍മേദിയ, റൂബിന്‍ എന്നിവര്‍ പ്രസംഗിച്ചു. അല്പം തമാശുമായി ജോയല്‍ രംഗത്തെത്തി. ലീഡര്‍ഷിപ്പ് പ്രോഗ്രാം ഇന്‍സ്ട്രക്ടര്‍ എമില്‍ ചാക്കോ വിദ്യാജ്യോതി സ്കൂളിനോട് അനുബന്ധിച്ച് താന്‍ നടത്തിവരുന്ന ക്ലാസ്സിനെപ്പറ്റി വിശദീകരിക്കുകയുണ്ടായി. ലീഡര്‍ഷിപ്പ് പ്രോഗ്രാമ്മില്‍ നടത്തിയ മത്സരത്തില്‍ അലീന രാജു ഒന്നാം സ്ഥാനം നേടി.
അധ്യാപകരായ മറിയാമ്മ നൈനാന്‍, ജോജോ ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ സമ്മാനദാനം നല്‍കി. സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസ് വെട്ടം കൃതജ്ഞത പ്രകാശിപ്പിച്ചു. ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരശീല വീണു.