പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ക്ഷേത്രഭാരവാഹികളെ കൊല്ലത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. ക്ഷേത്രഭാരവാഹികളായ പി.എസ് ജയലാല്‍, കൃഷ്ണന്‍കുട്ടിപിള്ള, പ്രസാദ്, രവീന്ദ്രന്‍പിള്ള, സോമന്‍പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച രാത്രി 11 ഓടെ അഞ്ചുപേര്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്ഷേത്രഭരണസമിതി രക്ഷാധികാരി സുരേന്ദ്രനാഥന്‍പിള്ള ചാത്തന്നൂര്‍ പോലീസില്‍ കീഴടങ്ങിയത്.
കമ്പത്തിന് അനുമതിയില്ലാതിരിക്കെ കമ്പം നടത്തിയതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കമ്പത്തിന് കളക്ടര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പോലീസ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്കെതിരെ രംഗത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ഉന്നത രാഷ്ട്രീയ ഇടപെടല്‍ കമ്പത്തിന് മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ ഉണ്ടായിട്ടുണേ്ടായെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.