ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു

06.10 PM 12-04-2016
h
ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു. പകല്‍ ശബ്ദ തീവ്രത കുറഞ്ഞ വെടിക്കെട്ട് ആവാം. 140 ഡെസിബല്‍ വരെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയം അനുവദിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സൂര്യന്‍ അസ്തമിച്ചതിന് ശേഷവും നേരം പുലരുന്നതിനു മുന്‍പും വെടിക്കെട്ടുകള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിട്ട കോടതി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വിഷയം പരിഗണിക്കാന്‍ വിഷു ദിനത്തില്‍ ഹൈക്കോടതി വീണ്ടും ചേരുന്നുണ്ട്.
പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാതിരുന്നത് നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് നടത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ആരോ അട്ടിമറിക്കാന്‍ ശ്രമിച്ചു. പോലീസ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് 14ന് പുറപ്പെടുവിക്കും.
സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണോ എന്ന് കോടതി പരിശോധിക്കും. ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം ദുരന്തത്തിന് കാരണമായോ എന്നും പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. വെടിക്കെട്ടുകള്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.