07:32am 4/6/2016
ബെന്നി പരിമണം
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 4 ശനിയാഴ്ച വൈകീട്ട് 5.00ന് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹ വിരുന്നോടു കൂടി ആരംഭിക്കുന്ന കുടുംബ സമ്മേളനത്തില്‍ ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും പങ്കെടുക്കും. കുടുംബസംഗമം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനാധിപന്‍ മോസ്റ്റ്.റവ.ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും.
ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുമുള്ള പതിന്നാല് ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയന മനോഹരമായ കലാപരിപാടികള്‍ കുടുംബ സംഗമത്തില്‍ അരങ്ങേറും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു അഭിമാനകരമായ നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, കുടുംബ സംഗമത്തില്‍ കൂടി ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവന രഹിതര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ വിനിയോഗിക്കുന്നു. എക്യൂമെനിക്കല്‍ കുടുംബങ്ങളുടെ സ്‌നേഹം ചൊരിയുന്ന കൂട്ടായ്മയിലേക്ക്, വര്‍ണ്ണപ്രഭ ചൊരിയുന്ന കലാസന്ധ്യയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ചുമതലക്കാര്‍ അറിയിച്ചു. കുടുംബ സംഗമത്തിന് എത്തിചേരുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു.
കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി റവ.ഡോ.ശലോമോന്‍ കെ ചെയര്‍മാനായും, ബെന്നി പരിമണം കണ്‍വീനറായും, ജെയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും, പ്രവര്‍ത്തിക്കുന്നു. മറ്റ് സബ് കമ്മറ്റികള്‍ക്ക് ആന്റോ കവലയ്ക്കല്‍(ഫുഡ്), ആഗ്നസ് തെങ്ങുംമൂട്ടില്‍(ഹോസ്പിറ്റാലിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍(സ്‌റ്റേജ്&സൗണ്ട്), റവ.ഹാം ജോസഫ്(യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുകുളം, ജയിംസണ്‍ മത്തായി(പബ്ലിസിറ്റി) എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും, റവ.അഗസ്റ്റിന്‍ ഡോ. പാലയ്ക്കാപ്പറമ്പില്‍(പ്രസിഡന്റ്), റവ.ഫാ.മാത്യു മഠത്തില്‍ പറമ്പില്‍(വൈ.പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ്(സെക്രട്ടറി), ആന്റോ കവയ്ക്കല്‍(ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട്(ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.