ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

08:45am 25/5/2016

– ബിജി സി. മാണി (സെക്രട്ടറി)
Newsimg1_2422645
ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2017- 18 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ കൂടിയ ജനറല്‍ബോഡി യോഗമാണ് തെരഞ്ഞെടുപ്പിന് ആവശ്യമായ നടപടികള്‍ തീരുമാനിച്ചത്. നോമിനേഷന്‍ കമ്മിറ്റിയിലേക്ക് പി.ഒ. ഫിലിപ്പ് (ചെയര്‍മാന്‍), ബെന്നി വാച്ചാച്ചിറ, റിന്‍സി കുര്യന്‍ എന്നിവരേയും, ഇലക്ഷന്‍ കമ്മിറ്റിയിലേക്ക് ലെജി പട്ടരുമഠത്തില്‍ (ചെയര്‍മാന്‍), വര്‍ഗീസ് ജോണ്‍, ജോസഫ് നെല്ലുവേലില്‍ എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളും 13 ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടുന്ന 19 അംഗ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുക്കുവാനാണ് ഇലക്ഷന്‍ നടത്തുന്നത്. 2015 ജനുവരി ഒന്നിനു മുമ്പ് സി.എം.എയില്‍ അംഗങ്ങളായവര്‍ക്ക് ബോര്‍ഡ് അംഗമായി മത്സരിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ ഒരു പ്രവശ്യമെങ്കിലും ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 2016 ജനുവരി 31-നു മുമ്പ് ഈ സംഘടനയില്‍ അംഗങ്ങളായവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും, നോമിനേഷന്‍ ഫോറവും വെബ്‌സൈറ്റായ www.chicagomalayaleeassociation.org-ല്‍ നിന്നും ലഭിക്കുന്നതാണ്. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2016 ജൂണ്‍ 16 ആണ്. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കാനര്‍ഹരായവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്ന തീയതി 2016 ജൂണ്‍ 25. നോമിനേഷനുകള്‍ പിന്‍വലിക്കാവുന്ന അവസാന തീയതി 2016 ജൂലൈ 5. മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് 2016 ജൂലൈ 10. തിരഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ 2016 ഓഗസ്റ്റ് 14 ഞായഴാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 9 മണി വരെ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ (834 E Road Rd, Suite 13, Mt Prospect, IL 60056) വച്ച് നടത്തുന്നതും ഉടന്‍തന്നെ വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കുന്നതുമായിരിക്കും.

നോമിനേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. ഫിലിപ്പുമായി 630 969 6848 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം, ഏതെങ്കിലും അംഗങ്ങള്‍ തങ്ങളുടെ ഇമെയില്‍ സി.എം.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗം പ്രസിഡന്റ് ടോമി അംബേനാട്ട് 630 992 1500, സെക്രട്ടറി ബിജി സി. മാണി 847 650 1398 എന്നിവരുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഇനി ഇമെയില്‍ വഴിയും വെബ്‌സൈറ്റ് വഴിയും, അമേരിക്കന്‍ അച്ചടി മാധ്യമങ്ങളിലൂടെയും മാത്രമായിരിക്കും എന്നതു കണക്കിലെടുത്ത് എല്ലാവരും തങ്ങളുടെ ഇമെയിലുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തയാറാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

സംഘടനയുടെ ഭരണഘടന അനുസരിച്ച് നോമിനേഷന്‍ ഫോമിനൊപ്പം സമര്‍പ്പിക്കുന്ന നോമിനേഷന്‍ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ലായിരിക്കും. സംഘടനാ തെരഞ്ഞെടുപ്പുമായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സെക്രട്ടറി ബിജി സി. മാണി അറിയിച്ചതാണി­ത്.