സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്

10:28AM 10/3/2016

download (2)

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച 12 മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ജയരാജനെ സൂപ്രണ്ടിന്റെ ഓഫിസിനോട് ചേര്‍ന്ന മുറിയിലാണ് സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം വൈകീട്ട് മൂന്നുമണി മുതല്‍ ചോദ്യം ചെയ്തത്. മനോജിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂര്‍ണമായും സഹകരിക്കുന്നില്‌ളെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസിലെ മുഖ്യപ്രതിയായ വിക്രമനുമായി അടുത്ത ബന്ധമില്‌ളെന്നാണ് ജയരാജന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഇടക്കിടെ ജയരാജന്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്താണ് പ്രശ്‌നം എന്ന ചോദ്യത്തിന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നോക്കിക്കൊള്ളൂവെന്നും ജയരാജന്‍ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. അതേസമയം, ചോദ്യംചെയ്യുന്ന മുറിയിലേക്ക് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ കടന്നുചെന്നതു സംബന്ധിച്ചും സി.ബി.ഐക്ക് അതൃപ്തിയുണ്ട്.
രാവിലെ 9.40ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജയരാജനെ ആംബുലന്‍സില്‍ റോഡ് മാര്‍ഗമാണ് കണ്ണൂരിലത്തെിച്ചത്. ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള പൊലീസ് സംഘം ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. രാവിലെ കണ്ണൂരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കോഴിക്കോട്ടത്തെി ജയരാജനെ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടത്. ജയരാജനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. സി.ബി.ഐ ഡിവൈ.എസ്.പി ജോസ് മോഹനും ജയിലിലത്തെിയിരുന്നു. ചോദ്യം ചെയ്യാന്‍ ജയിലില്‍ നടത്തിയ ഒരുക്കങ്ങള്‍ രാവിലെ സി.ബി.ഐ സംഘം വിശദമായി പരിശോധിച്ചിരുന്നു.
ബുധനാഴ്ച രാവിലെ മുതല്‍ മൂന്നുദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ ജയരാജനെ ചോദ്യംചെയ്യാനുള്ള അനുമതിയാണ് സി.ബി.ഐക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. അനില്‍ കുമാര്‍ നല്‍കിയത്. കോടതി ഒരുമാസം റിമാന്‍ഡ് ചെയ്‌തെങ്കിലും ജയരാജന്‍ ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജിലുമായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 11ന് തീരാനിരിക്കെയാണ് മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചത്.
ജയരാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉപാധികളോടെ കോടതി അനുവദിച്ചത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയാണ് ചോദ്യം ചെയ്യാനുള്ള സമയം. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന ജയരാജന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. എന്നാല്‍, ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ ജയിലിലുണ്ടായിരുന്നു.
ആര്‍.എസ്.എസ് നേതാവായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 1999 ആഗസ്റ്റ് 25ന് തിരുവോണ ദിവസം പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. മനോജ് വധക്കേസില്‍ 25ാം പ്രതിയായ ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11നാണ് അദ്ദേഹം കീഴടങ്ങിയത്.