അടുത്തവര്‍ഷം മുതല്‍ റെയില്‍ ബജറ്റ് ഇല്ല

05;20 pm 14/8/2016
download (2)
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് ഉണ്്ടാകില്ല. 92 വര്‍ഷം പഴക്കമുള്ള റെയില്‍ ബജറ്റിന്റെ പാരമ്പര്യം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച റെയില്‍വേ മ്രന്തി സുരേഷ് പ്രഭുവിന്റെ ശിപാര്‍ശ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അംഗീകരിച്ചു. ഇനി മുതല്‍ പൊതുബജറ്റിനൊപ്പമാകും റെയില്‍ ബജറ്റ്. 1924ലാണ് റെയില്‍വേയ്ക്ക് പ്രത്യേകമായി ബജറ്റ് അവതരണം തുടങ്ങിയത്.

പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി റെയില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാട് അംഗീകരിച്ച ധനകാര്യ മന്ത്രാലയം ഇരു ബജറ്റുകളും ലയിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്്ട്. ധനകാര്യ മന്ത്രാലയത്തിലെയും റെയില്‍വെ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സമിതി. ഈമാസം 31നകം സമിതി റിപ്പോര്‍ട്ട് സമര്‍പിക്കും. ഏഴാം ശമ്പള കമ്മിഷന്‍ നടപ്പായതോടെ 40,000 കോടിയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്കുണ്്ടായത്. 32,000 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അധിക ചെലവ് വരുന്നതിനോടൊപ്പമാണിത്. പൊതുബജറ്റിന്റെ പരിധിയില്‍ വരുന്നതോടെ ആകെ അനുവദിക്കപ്പെടുന്ന തുകയില്‍നിന്ന് വിവിധ പദ്ധതികള്‍ക്കായി തുക വേര്‍തിരിക്കുന്നത് ഇനി റെയില്‍വേ മന്ത്രാലയത്തിന്റെ വിവേചനാധികാരമായിരിക്കും.

എന്നാല്‍, ടിക്കറ്റ് നിരക്കിലെ വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ ധനമന്ത്രാലയമാകും തീരുമാനമെടുക്കുക.