അടുത്ത എട്ടു മാസത്തേക്കായി 135കോടി 48 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഇന്നലെ അംഗീകാരം നല്‍കി.

10:14am 30/7/2016

download (9)
കൊച്ചി :വാര്‍ഡ്‌സഭയും വര്‍ക്കിങ് ഗ്രൂപ്പുകളും ചര്‍ച്ചചെയ്ത് സമര്‍പ്പിച്ച പല പദ്ധതികളും നഗരസഭയുടെ കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെട്ടില്ലെന്ന് വ്യാപക പരാതി. കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഡിവിഷന്‍ ഫണ്ടുകളും ഏകോപിപ്പിക്കുന്നതിലും നഗരസഭ നേതൃത്വം പരാജയപ്പെട്ടതായി പദ്ധതി രേഖ കരട് ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരായ ജഗദംബികയും തമ്പി സുബ്രഹ്മണ്യവും പരാതിപ്പെട്ടു. റോഡ് ആസ്ഥി വികസന ഫണ്ട് നേടിയെടുക്കുന്നതില്‍ നഗരസഭയ്ക്ക് വിഴ്ചപറ്റിയതായി തമ്പി സുബ്രഹ്മണ്യന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 33,61,33,000രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 19കോടി മാത്രമാണ് നേടിയെടുക്കാനായതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി പി ചന്ദ്രന്‍ പറഞ്ഞു.
മേയറും ഡെപ്യൂട്ടി മേയറും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണും സ്വന്തം ഇഷ്ടപ്രകാരം തുക വീതിച്ചു നല്‍കിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ അഡ്വ. സുനില ശെല്‍വനും പി എസ് പ്രകാശനും പറഞ്ഞു. വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍കൂടിയായ സുനില ശെല്‍വന്‍ പദ്ധതിരേഖലയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തവ കരട് പുറത്തിറങ്ങിയപ്പോള്‍ ഇല്ലെന്ന് പരാതിപ്പെട്ടു. രണ്ട് ഡിവിഷനുകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകള്‍ അതിനാല്‍ ടാര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഫണ്ട് അനുവദിച്ചതിലെ അപാകതകള്‍ കൗണ്‍സിലര്‍ പ്രകാശന്‍ ചൂണ്ടിക്കാട്ടി. മക്കാല്‍ സെന്റ് മാത്രമുള്ള പാര്‍ക്കിന്റെ നവീകരണത്തിന് 11ലക്ഷവും മൂന്നേക്കര്‍ ഉള്ള പാര്‍ക്കിന് മൂന്നുലക്ഷവും അനുവദിച്ചതും പ്രകാശന്‍ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ പ്രധാന ഓഫീസ് കെട്ടിടം നവീകരണം കഴിഞ്ഞു എങ്കിലും പുതിയ പദ്ധതി രേഖയില്‍ 13,78,000 രൂപ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനെക്കുറിച്ച് ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ് ആശങ്കപ്രകടിപ്പിച്ചു. പുതിയ കെട്ടിടം അതിവേഗം പൂര്‍ത്തിയാകുന്നതിനാല്‍ ഈ നവീകരണം അനാവശ്യമായ ഒന്നാണെന്നും അവര്‍ പറഞ്ഞു. പട്ടികജാതി പട്ടിക വികസന ഫണ്ടില്‍ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്തതിലും കൗണ്‍സിലര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. വൈറ്റിലയില്‍ പുതിയ ഗതാഗത സംവിധാനം നിലവില്‍ വന്നപ്പോള്‍ റോഡരുകിലെ കയ്യേറ്റങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കൗണ്‍സിലര്‍ പി എസ് ഷൈന്‍ പറഞ്ഞു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഡോ. പൂര്‍ണ്ണിമ നാരായണന്‍, സി ഡി വത്സലകുമാരി, ശ്യാമള പ്രഭു, സുനിത അഷ്‌റഫ്, കെ കെ കുഞ്ഞച്ചന്‍, സി കെ പീറ്റര്‍, ഡെലീന പിന്‍ഹിറോ, അരിസ്‌റ്റോട്ടില്‍, ഒ പി സുനില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.