കൊളംബോ: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 273 റണ്‍സ് മറികടക്കാന്‍ ശ്രീലങ്കക്കായില്ല. ആതിഥേയരുടെ ഇന്നിങ്സ് 239 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഓപണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യന്‍ സ്കോറിങ്.
രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്‍ (70) അര്‍ധസെഞ്ച്വറി നേടി. മധ്യനിരയില്‍ നായകന്‍ അഭിഷേക് ശര്‍മയും (29), സല്‍മാന്‍ ഖാനും (26) റണ്‍സടിച്ചതോടെ ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ റീവന്‍ കെല്ലിയും (62) കമിന്‍ഡു മെന്‍ഡിസും (53) നേടിയ അര്‍ധസെഞ്ച്വറികള്‍ പാഴായി. ഇന്ത്യക്കായി അഭിഷേക് ശര്‍മ നാലും രാഹുല്‍ ചഹര്‍ മൂന്നും വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ കൗമാര സംഘം പുറത്തെടുത്ത്.

