അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് ട്രമ്പ്

10:37 am 9/12/2016

– പി.പി.ചെറിയാന്‍
Newsimg1_51529356
ന്യൂയോര്‍ക്ക്: മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന് കുട്ടികളെ സംരക്ഷിക്കുമെന്ന് ഡൊണാള്‍ഡ് ട്രമ്പ്
ഡിസംബര്‍ 7 ബുധനാഴ്ച ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രമ്പ് തന്റെ നയം മയപ്പെടുത്തിയത്.

പതിനൊന്ന് മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ ഡിപോര്‍ട്ട് ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രമ്പ് ഈ തീരുമാനത്തില്‍ നിന്നു പുറകോട്ടുപോയി.

കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റം ആവശ്യമാണെന്നും, ചെറുപ്രായത്തില്‍ അമേരിക്കയിലെത്തിയ കുട്ടികള്‍ ഇവിടെ സ്ക്കൂള്‍ വിദ്യാഭ്യാസം നടത്തുകയും, സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നതു സന്തോഷകരമാണെന്ന് ട്രമ്പ് പറഞ്ഞു.
മാതാപിതാക്കള്‍ക്കൊപ്പം ഇവിടെയെത്തിയ കുട്ടികള്‍ നിരപരാധികളാണെന്നും അവരെ സംരക്ഷിക്കുകയും, ഭാവി ശോഭനമാക്കുകയും ചെയ്യേണ്ടതു ഭരണാധികാരി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണെന്നും ്ട്രമ്പ് അഭിപ്രായപ്പെട്ടു.

740,000 കുട്ടികള്‍ക്കാണ് ഒബാമയുടെ ഡിസിസിഎ(ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്)ആക്ടനുസരിച്ചു ഇവിടെ തുടരുന്നതിനും, വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും അവസരമൊരുക്കിയിരിക്കുന്നത്.

ട്രമ്പിന്റെ നയം മാറ്റം അനധികൃത കുടിയേറ്റക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് ട്രമ്പ് പറഞ്ഞിരുന്ന അനധികൃത കുടിയേറ്റക്കാരുടെ ഭാവിയെ കുറിച്ചും, ഹില്ലരിക്കെതിരെ സ്വീകരിക്കുവാന്‍ പോകുന്ന നടപടികളെ കുറിച്ചും പുനര്‍ചിന്തനം നടത്തുന്നതു അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിക്കു കൂടുതല്‍ മാറ്റം നല്‍കുന്നതാണ്.