അനധികൃത നിയമനം: മുന്‍ വി.സിക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട്

10:15 am 12/08/2016
download (10)
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് കേസെടുത്തു.സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുല്‍ സലാം, മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ്, എസ്റ്റേറ്റ് ഓഫിസറായി നിയമനം ലഭിച്ച എം. ഭാസ്കരന്‍, ഡല്‍ഹിയിലെ മുന്‍ ലെയ്സണ്‍ ഓഫിസര്‍ അശ്വതി പദ്മസേനന്‍, മുന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് സി.എ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സ്റ്റാലിന്‍ അഡ്വ. എം.സി. ആഷി മുഖേന കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രത്യേക ജഡ്ജി വി. പ്രകാശിന്‍െറ ഉത്തരവനുസരിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് കേസുള്ളതായി കണ്ടത്തെിയത്.

ഡീന്‍, എസ്റ്റേറ്റ് ഓഫിസര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ലെയ്സന്‍ ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി സര്‍വകലാശാലയില്‍ നടത്തിയ ഒരു ഡസനോളം താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ, ആനുകൂല്യമായി 80 ലക്ഷത്തോളം രൂപ ഇവര്‍ക്ക് നല്‍കിയെന്നും കാണിച്ചാണ് പരാതി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്താണ് നിയമനങ്ങള്‍. സര്‍വകലാശാലയില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ. എന്നാല്‍, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായാണ് പരാതി.