അനധികൃത സ്വത്ത്: കെസി ജോസഫിനെതിരെ അന്വേഷണം

01.13 AM 29/10/2016
KC_760x400
തലശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫും കുരുക്കിലേക്ക്. കെ.സി ജോസഫിനെതിരെ അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29നകം സമര്‍പ്പിക്കണം. കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
കെ.സി ജോസഫ്, ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കെ.സി ജോസഫ് മന്ത്രിയായിരിക്കേ മകന്‍ അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒന്നരകോടി രൂപയുടെ വിനിമയം നടന്നിരുന്നു.
ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഈ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് കോടതിയില്‍ കെ.സി ജോസഫ് നല്‍കിയ വിശദീകരണം. എന്നാല്‍ ഇതില്‍ തൃപ്തിയാകാത്ത കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.