അനില്‍ കുംബ്ലെ ഇനി ഇന്ത്യന്‍ ടീമിനെ നയിക്കും

06:40pm 23/6/2016

download (1)

മുംബൈ: മുന്‍ നായകന്‍ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സചിന്‍ ടെണ്ടുല്‍ക്കര്‍, ഗാംഗുലി, ലക്ഷമണ്‍ എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ എന്ന ഖ്യാതി നേടിയ കുംബ്‌ളെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. 2008ല്‍ കളി നിര്‍ത്തിയ കുംബ്‌ളെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് കുംബ്ലെയുടെ കീഴിലെ ആദ്യ ദൗത്യം. ബാറ്റിംഗ്, ബൗളിങ്ങ് കോച്ചുകളെ പിന്നീട് തീരുമാനിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

പരിശീലക സ്ഥാനത്തേക്ക് കുംബ്ലെക്ക് നേരത്തേ സാധ്യത കല്‍പിച്ചിരുന്നു. പരിശീലകനെ കണ്ടത്തൊന്‍ പരസ്യം ചെയ്തതിനെ തുടര്‍ന്ന് 57 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 36 പേരെ ഒഴിവാക്കിയശേഷം തെരഞ്ഞെടുക്കപ്പെട്ട 21 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിന്നു. താല്‍ക്കാലിക പരിശീലകനും ടീം ഡയറക്ടറുമായ രവി ശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, മുന്‍താരങ്ങളായ വെങ്കിടേഷ് പ്രസാദ്, പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ബല്‍വീന്ദര്‍ സിങ് സന്ധു എന്നിവരായിരുന്നു കുംബ്ലെക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നവര്‍. നിരവധി വിദേശ താരങ്ങളും അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇവരുടെ പേരുകള്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തു വിട്ടിരുന്നില്ല. 6.4 കോടിയാണ് ഇന്ത്യന്‍ പരിശീലകന് ഒരുവര്‍ഷം ലഭിക്കുന്ന പ്രതിഫലം.

താല്‍ക്കാലിക കോച്ചായി തെരഞ്ഞെടുത്ത സഞ്ജയ് ബംഗാറിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ ഇപ്പോള്‍ ഏകദിന പരമ്പര കളിക്കുന്നത്. 2015 ലോകകപ്പിനുശേഷം സിംബാബ്വെക്കാരനായ ഡങ്കന്‍ ഫ്‌ളെച്ചറുടെ സേവനം മതിയാക്കിയശേഷം ഇന്ത്യക്ക് സ്ഥിരം കോച്ചില്ല. ടീം ഡയറക്ടറായി തെരഞ്ഞെടുത്ത രവി ശാസ്ത്രിക്കായിരുന്നു താല്‍ക്കാലിക ചുമതല. ഏകദിനത്തില്‍ 337 വിക്കറ്റും ടെസ്റ്റില്‍ 619 വിക്കറ്റും സ്വന്തമാക്കിയ കുംബ്‌ളെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ്. മുത്തയ്യ മുരളീധരനും (800 വിക്കറ്റ്) ഷെയ്ന്‍ വോണുമാണ് (708) കുംബ്‌ളെക്ക് മുന്നില്‍.