O9:24 am 12/3/2017
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി ടീം ഡയറക്ടര്‍ സ്ഥാനം നല്‍കുമെന്ന് സൂചന. കുംബ്ലെ പരിശീലകനാവുന്നതിന് മുമ്പ് രവി ശാസ്ത്രി വഹിച്ചിരുന്ന പദവിയിലേക്ക് കുംബ്ലെയെ ഉയര്‍ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച വാഗ്ദാനം കുംബ്ലെയ്ക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ബിസിസിഐയുടെ ഈ ഓഫര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാതൃകയില്‍ ബിസിസിഐയുടെ ഘടന ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുംബ്ലെ പുതിയ പദവി ഏറ്റെടുക്കുകയാണെങ്കില്‍ ബിസിസിഐ ടീമുകളുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ ചുമതല സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കാകും നല്‍കു.
നിലവില്‍ എം വി ശ്രീധര്‍ ആണ് ടീം ഇന്ത്യയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസിമിതിയുമായി കുംബ്ലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. എ ടീം, സീനിയര്‍, ജൂിനയര്‍, വനിതാ ടീം എന്നിവയെ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ സമിതി കുംബ്ലെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണപരമായ മാറ്റത്തിനായാണ് ഘടന പരിഷ്കരിക്കുന്നതെന്നാണ് ബിസിസിഐ വിശദീകരണം. രാഹുല്‍ ദ്രാവിഡിനെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.