07:38 pm 27/1/2017

തിരുവനന്തപുരം: അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞ കേരളന്യൂസിന്‍റെ ഉദ്ഘാടന കര്‍മ്മം ഇന്ദിരാഭവനില്‍ വെച്ച് കെ പി സി സി പ്രസിഡന്‍റ് ശ്രീ . വി എം സുധീരന്‍ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വളച്ചൊടിക്കുന്ന പത്രധര്‍മ്മമായി കാണുന്ന രീതിയില്‍ മാറ്റം വരണമെന്ന് സുധീരന്‍ പറഞ്ഞു. മലയാളികളുടെ ഏറ്റവും പ്രചാരമുള്ള കേരള ന്യൂസിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍. വാര്‍ത്തകള്‍ പെരുപ്പിക്കാതെ സത്യത്തിന്റെ പാതയില്‍ എഴുതണമെന്നും വ്യക്തികളെ തേജോവധം ചെയ്യുന്ന വാര്‍ത്തകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി വൈസ് പ്രസിഡന്‍റ് ശ്രീ എം. എം ഹസ്സന്‍, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ഇ എം അഗസ്തി എക്‌സ് എം.എല്‍എ, ജോസ് എം ജോര്‍ജ്ജ്, ജയ്ഹിന്ദ് ടീവി ഇടുക്കി റിപ്പോര്‍ട്ടര്‍ എം എന്‍ സുരേഷ്, കേരളന്യൂസിന്റെ റസിഡന്‍റ് എഡിറ്റര്‍ റോയ് നെറ്റോ, കോണ്‍ഗ്രസ്സ് നേതാവ് ജോമി തോമസ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
പക്ഷപാത രഹിതമായ സമഗ്ര വാര്‍ത്തകളും വിലയിരുത്തലുകളും തികച്ചും വ്യത്യസ്തമായ രീതിയില്‍ ആഗോള മലയാളി സമൂഹത്തിനുമുന്നില്‍ എത്തിക്കുക്കുകയെന്ന ചരിത്രദൗത്യമാണ് കേരളന്യൂസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ ദേശാന്തര ജീവിതവും വാര്‍ത്തകളും സാംസ്ക്കാരിക സ്പന്ദനങ്ങളും അടങ്ങിയ സമകാലീക ജീവിതത്തിന്റെ നേര്‍ സാക്ഷ്യമാണ് ഇതിന്റെ പ്രവര്‍ത്തകര്‍ വിഭാവനം ചെയ്യുന്നതെന്ന് കേരളാ ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം ജോര്‍ജ്ജ് അറിയിച്ചു.
വാര്‍ത്ത: ജോര്‍ജ് തോമസ്
