08:44 am 18/4/2017
– ജോസ് കണിയാലി
വാഷിംഗ്ടണ്‍: ഏപ്രില്‍ 9 മുതല്‍ 15 വരെ വാഷിംഗ്ടണില്‍ നടന്ന 2017 ലെ “ജെസ്സപ്പ്’ കപ്പിനുവേണ്ടിയുള്ള ഫിലിപ്പ് സി. ജെസ്സപ്പ് അന്താരാഷ്ട്ര നിയമമൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജഡ്ജിയായി ഡോ. തുഷാര ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. 93 രാജ്യങ്ങളില്‍നിന്നുള്ള 143 ടീമുകള്‍ പങ്കെടുത്ത 58-ാമത്തെ ജെസ്സപ്പ് അന്താരാഷ്ട്ര നിയമപോരാട്ടത്തില്‍ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും ഏക ഇന്ത്യന്‍ അഭിഭാഷകയുമാണ് ഡോ. തുഷാര ജെയിംസ്.
സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന ജെസ്സപ്പ് മൂട്ടില്‍ ഈ വര്‍ഷത്തെ പ്രധാന വിഷയങ്ങള്‍ അന്താരാഷ്ട്ര ഭൂഗര്‍ഭ ജലസ്രോതസ്സുകളും, അവയെച്ചൊല്ലിയുള്ള മനുഷ്യാവകാശ ലംഘനങ്ങളും, അഭയാര്‍ത്ഥി നിയമങ്ങളും, രാജ്യാന്തര തര്‍ക്കങ്ങളിലെ നഷ്ടപരിഹാരപ്രശ്‌നങ്ങളുമായിരുന്നു. ഡോ. തുഷാരയ്ക്ക് ജെസ്സപ്പ് മൂട്ട് ഒരു മധുരസ്മരണകൂടിയാണ്. 1997 ല്‍ വാഷിംഗ്ടണില്‍ നടന്ന അന്താരാഷ്ട്ര ജെസ്സപ്പില്‍ അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച തുഷാരയുടെ ടീം അന്താരാഷ്ട്ര തലത്തില്‍ “”സെമിഫൈനലിസ്റ്റ്” ആയിരുന്നു. കഠിനാദ്ധ്വാനത്തിന്റെയും, അഗാധമായ നിയമപരിജ്ഞാനത്തിന്റെയും ഒത്തുചേരലാണ് ഓരോ ജെസ്സപ്പ് മൂട്ടും എന്ന് തുഷാര പറയുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള പ്രഗത്ഭരായ നിയമവിദ്യാര്‍ത്ഥികളും, അഭിഭാഷകരും, ജഡ്ജിമാരും അന്താരാഷ്ട്ര ജെസ്സപ്പില്‍ വാഷിംഗ്ടണില്‍ ഒത്തുചേരുന്നു.
കേരളത്തില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഡോ. തുഷാര ജെയിംസ് ആര്‍ബിട്രേഷന്‍ നിയമത്തില്‍ ഡോക്ടറേറ്റും സൈബര്‍ നിയമത്തില്‍ പോസ്റ്റുഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ വേദികളിലും ദൃശ്യമാധ്യമങ്ങളിലും ധാരാളം നിയമപ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ. തുഷാര ബിസിനസ്സ് നിയമങ്ങളെക്കുറിച്ച് രചിച്ച പുസ്തകം എം.ജി. യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് എം.ബി.എ. പ്രോഗ്രാമിന് റഫറന്‍സ് പുസ്തകമായി നിര്‍ദ്ദേശിച്ചിരുന്നു. മലയാള സാഹിത്യം ഏറെ ഇഷ്ടപ്പെടുന്ന തുഷാരയുടെ “എനിക്കും നിങ്ങള്‍ക്കുമിടയില്‍’ എന്ന ചെറുകഥാസമാഹാരം ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ലെ ഏറ്റവും മികച്ച നിയമപ്രബന്ധത്തിനുള്ള പി. സുകുമാരന്‍ നായര്‍ ലീഗല്‍ ലിറ്റററി അവാര്‍ഡ് ഡോ. തുഷാര ജെയിംസിന് ഈയിടെ ഗവര്‍ണര്‍ പി. സദാശിവം സമ്മാനിക്കുകയുണ്ടായി.
കോട്ടയം കൈപ്പുഴ കാരക്കാട്ട് കുടുംബാംഗമായ തുഷാര മുന്‍ കേരള ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫിന്റെയും, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും, കേന്ദ്ര സര്‍വ്വകലാശാലയുടെയും മുന്‍ വൈസ് ചാന്‍സിലറായ ഡോ. ജാന്‍സി ജെയിംസിന്റെ മകളും, എഞ്ചിനീയറും മറൈന്‍ കണ്‍സള്‍ട്ടന്റുമായ സുനില്‍ സേവ്യറിന്റെ ഭാര്യയുമാണ്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ തുഷാരയ്ക്ക് രണ്ടുമക്കളാണ്. എട്ടാംക്ലാസ്സുകാരി മിഷേലും, ആറാം ക്ലാസുകാരന്‍ കെവിനും.