അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രി കേരളത്തില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

10:56 am 14/11/2016
download (1)
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രി കേരളത്തില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മുംബൈയിലെ മലയാളി ബിസിനസ് സമൂഹത്തോട് സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി മുംബൈയിലെത്തിയ പിണറായി വിജയന് ഉജ്വല സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്.

പ്രവാസി ബിസിനസുകാരുമായുള്ള സംവാദത്തില്‍ കേരളത്തിന്റെ നേട്ടങ്ങളും വീഴ്ചളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. വികസിത രാജ്യങ്ങളെ അമ്ബരപ്പിക്കുന്ന നേട്ടങ്ങള്‍ പോയകാലത്ത് കേരളം സ്വന്തമാക്കി. എന്നാല്‍ ഇടയ്‍ക്കുവെച്ച്‌ നമ്മള്‍ പിന്നോട്ട് പോയി. ആയുര്‍വ്വേദരംഗത്തെ സമഗ്രവികസനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള ആയുര്‍വ്വേദ ആശുപത്രി കേരളത്തില്‍ പണിയും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും പദ്ധതി കൊണ്ടുവരും.
നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച നൂതന ആശയമായ കിഫ്ബിയെ ബിസിനസുകാരുടെ മുന്നില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഒരുമണിക്കൂര്‍ നീണ്ട സംവാദത്തില്‍ മലയാളി ബിസിനസുകാര്‍ തങ്ങളുടെ ആശങ്കകളും പുതിയ സര്‍ക്കാരിലുള്ള പ്രതീക്ഷകളും പങ്കുവെച്ചു.ഏഷ്യാനെറ്റ് എംഡി കെ മാധവന്‍, ലീല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിവേക് നായര്‍, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. ചെമ്ബൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ പങ്കെടുത്താണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോയത്.