അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

08: 06am 13/02/2016
th (1)

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ പ്രവേശിച്ച പൊലീസ് ഹോസ്റ്റലില്‍ നിന്നാണ് കന്‍ഹയ്യയെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ കയറിയ പൊലീസ് നടപടിയെ അധ്യാപകരും ഇടതുപക്ഷ നേതാക്കളും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത് അടിയനന്തരാവസ്ഥയുടെ തിരിച്ചുവരവാണെന്ന് സി.പി.എം ജനറല്‍ സക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

ഇതിനിടെ ഡല്‍ഹി പ്രസ്‌ക്ലബില്‍ ചൊവ്വാഴ്ച നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിക്കെതിരെ രാജ്യ ദ്രോഹ കുറ്റത്തിനും പൊലീസ് കേസെടുത്തു. ഗീലാനിക്ക് പുറമെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 124(രാജ്യ ദ്രോഹം), 120(കുറ്റകരമായ ഗൂഡാലോചന)149(അന്യായാമായ സംഘം ചേരല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ജദിന്‍ നര്‍വാള്‍ അറിയിച്ചു. ഗിലാനിയുടെ ഈമെയിലില്‍ നിന്നാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യുവാനുള്ള അപേക്ഷ നല്‍കിയത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ നേരത്തെ ഒമ്പത് വര്‍ഷത്തെ തടവിന് ശേഷം കുറ്റകാരനല്ലെന്ന് കണ്ട് വിട്ടയച്ചയാളാണ് ഗിലാനി.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെ.എന്‍.യു കാമ്പസില്‍ ചൊവ്വാഴ്ചയാണ് അനുസ്മരണ ചടങ്ങ് നടന്നത്. ചടങ്ങില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതായി വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ആരോപിച്ചിരുന്നു. പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ക്കും ആഭ്യന്തര വകുപ്പിനും ബി.ജെ.പി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും പരാതി നല്‍കിയിരുന്നു.

പരിപാടി നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനു പുറമെ കുറ്റകരമായ ഗൂഢാലോചനയും ചുമത്തിയാണ് വസന്ത് കുഞ്ചിലെ ഒരാള്‍ക്കെതിരെ കേസ് എടുത്തത്. പരിപാടിയുടെ വിഡിയോ ഫൂട്ടേജ് പരിശോധിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ഡല്‍ഹി പൊലീസ് വക്താവ് രാജന്‍ ഭഗത് പറഞ്ഞിരുന്നു.അനുമതി പിന്‍വലിച്ചിട്ടും എങ്ങനെയാണ് ഇത്തരമൊരു പരിപാടി ക്യാമ്പസില്‍ അരങ്ങറേിയതെന്ന് അന്വേഷിക്കാന്‍ ജെ.എന്‍.യു അധികൃതര്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.