അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍വിജയമായി

06:45 pm 1/4/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍


അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് മാര്‍ച്ച് 25(ശനി) അഭിവന്ദ്യ ദേവാലയത്തിലെ കിക്ക് ഓഫ് മാര്‍ച്ച് 25 (ശനി) അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.

വി.കുര്‍ബ്ബാനാനന്തരം നടത്തിയ യോഗത്തില്‍ വികാരി. വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ സ്വാഗതമാശംസിച്ചു. ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ‘ഫോണേഴ്‌സ് ഹെവന്‍’ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബ മേളയില്‍ ഇടവകയില്‍ നിന്നും പരമാവധി അംഗങ്ങള്‍ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ച് ബ: കോര്‍ എപ്പിസ്‌ക്കോപ്പാ തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

സഭാംഗങ്ങളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാവിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, എല്ലാറ്റിലുമുപരി അംഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിന്റെ പ്രധാന്യത്തെകുറിച്ച് അഭിവന്ദ്യ മെത്രാപോലീത്താ ആമുഖ പ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി.

തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി, ചിട്ടയാര്‍ന്ന പ്രോഗ്രാമിലൂടെ നടത്തപ്പെടുന്ന കുടുംബമേളയുടെ വിജയത്തിനായി ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, പ്രഗല്‍ഭ വാഗ്മിയുമായ വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ മുഖ്യ പ്രഭാഷകനായിരിക്കുമെന്നത് ഈ വര്‍ഷത്തെ പ്രത്യേകത കൂടിയാണെന്നും ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ് ചാലിശ്ശേരി ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി നാളിതുവരെയുളള ക്രമീകരണങ്ങളെ സംബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ ശ്രീ. സാജു പൗലോസ് മാരോത്ത് യോഗത്തെ ധരിപ്പിച്ചു. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇതിനോടകം ലഭിച്ചിട്ടുള്ള ആവേശകരമായ സഹകരണം പ്രതീക്ഷാവര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭദ്രാസന കൗണ്‍ണ്‍സില്‍ മെംബര്‍ ശ്രീ.ജോജി കാവനാല്‍, ശ്രീ.സാജു പൗലോസ് (മുന്‍ ഭദ്രാസനട്രഷറര്‍), ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ശ്രീ. സുനില്‍ മഞ്ഞിനിക്കര(മലങ്കര ടി.വി.ഡയറക്ടര്‍) എന്നിവരും സന്നിഹിതരായിരുന്നു. ഇടവകയിലെ ഇരുപതിലധികം കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ശ്രീ.ബോബി കുര്യാക്കോസ്(ചര്‍ച്ച് സെക്രട്ടറി), ശ്രീ.ഐസക്ക് വര്‍ഗീസ്(ട്രഷറര്‍) എന്നിവര്‍ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റവ.ഫാ.ജെറി ജേക്കബ്ബ്(അസോസിയേറ്റ് വികാര്‍, സെന്റ് മേരീസ് ചര്‍ച്ച്) നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്