അമേരിക്കന്‍ വിപണി പിടിക്കാന്‍ കിറ്റക്സ് ഗ്രൂപ്പ്; ഡിസൈന്‍ സ്റ്റുഡിയോ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

08:27 pm 2/4/2017

– ബിജു കൊട്ടാരക്കര


ന്യൂജേഴ്സി : ലോകത്തിലെ പ്രമുഖ കയറ്റുമതി കമ്പനിയായ കിറ്റക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ ഡിസൈന്‍ സ്റ്റുഡിയോ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂ ജേഴ്സി മോന്റ്വാലി 160 സമ്മിറ്റ് അവന്യൂവില്‍ (160 Summit Ave, Montvale, NJ) മാര്‍ച്ച് ഇരുപത്തി ഏഴിന് രാവിലെ നടന്ന ചടങ്ങില്‍ ന്യൂ ജേഴ്‌സിയിലെ രാഷ്ട്രീയ, ഭരണ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ജോര്‍ജ് തോമസിന്റെ ഇന്‍ട്രൊഡക്ഷനോട് തുടങ്ങിയ മീറ്റിംഗ് കിറ്റെക്‌സ് സിഇഒ സാബു ജേക്കബ് നിലവിളക്കു കൊളുത്തി ഡിസൈന്‍ സ്റ്റുഡിയോ റിബണ്‍ കട്ടിങ് സെറിമണിക്ക് തുടക്കം കുറിച്ചു.

ആശംസകള്‍ നേര്‍ന്നതോടൊപ്പം എല്ലാ ഗവണ്മെന്റ് സഹായസഹകര ങ്ങളും വാഗ്ദ്ധാനം ചെയ്തു കൊണ്ട് മുഖ്യ അതിഥിയായി എത്തിയ മോണ്ടുവെല്‍ മേയര്‍ മിച്ചല്‍ ഗസ്സാലി സംസാരിച്ചതോടൊപ്പം. മുന്‍ മോണ്ടുവെല്‍ മേയര്‍ റോജര്‍ ഫ്യഫെ, പ്ലാനിങ് ബോര്‍ഡ് ചെയര്മാന്‍ ജോണ്‍ ഡി പിന്റോ, ലാന്‍ഡ് യൂസ് അഡ്മിനിസ്‌ട്രേറ്റര്‍ ലോറൈന്‍ ഹട്ടര്‍, ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ:കൃഷ്ണ കിഷോര്‍, എക്‌സിക്യൂട്ടീവ് കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി ഓഫ് മേയര്‍ നെവിന്‍ ഗെയ്ഡ്, അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രെധിനിധികള്‍ സ്‌കോട്ട് ഫോര്‍മാനും സ്റ്റീവന്‍ ഫോക്‌സും, കിറ്റക്‌സ് സി. ഇ. ഓ സാബു ജേക്കബ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ഉത്ഘാടന ചടങ്ങുകള്‍ നടന്നത് .
റിബണ്‍ കട്ടിങ് സെറിമണിയില്‍ പങ്ക്‌കെടുത്ത് ആശംസകള്‍ നേര്‍ന്ന മറ്റു പ്രതിനിധികള്‍. ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, ഡോക്ടര്‍. ബെന്നി, മുന്‍ കൗണ്‍സില്‍മാന്‍ ജെയിംസ് ജോര്‍ജ്, മുന്‍ ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് മാധവന്‍ നായര്‍.

കുട്ടികളുടെ വസ്ത്ര നിര്‍മ്മാണരംഗത്തു ലോകമാകെ പേരുകേട്ട കിറ്റക്‌സ് ഗ്രുപ്പ് കുട്ടികളുടെ വസ്ത്രങ്ങളുടെ ഒരു ഡിസൈന്‍ യൂണിറ്റാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് മുന്‍പ് ന്യൂ ജേഴ്സിയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ ഡിസൈന്‍ സെന്റര്‍ തുടങ്ങിയതെന്ന് കിറ്റക്‌സ് സി ഇ ഓ സാബു ജേക്കബ് കേരളാ ടൈംസ് നോട് പറഞ്ഞു .

വ്യവസായ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കേരളാ സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തിയായ എം. സി. ജേക്കബ്തുടങ്ങിയ അന്ന-കിറ്റക്‌സ് കമ്പനി (കിറ്റക്‌സ് ലിമിറ്റഡ്) ലോകത്തെ തന്നെ അറിയപ്പെടുന്ന കമ്പനിയാണ്. അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം വസ്ത്രനിര്‍മ്മാണ കയറ്റുമതിയിലൂടെ 550 കോടി രൂപ രാജ്യത്തിന് വിദേശനാണ്യം നേടിത്തന്ന ഏക വ്യവസായ സ്ഥാപനമാണ് ഇത് . 1968 – ലാണ് അന്ന-അലുമിനിയം എന്ന പേരില്‍ കിഴക്കമ്പലത്ത് എം.സി ജേക്കബ് വ്യവസായം ആരംഭിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ജേക്കബ് അമ്മ അന്നയുടെ പേരിലാണ് കമ്പനി ആരംഭിച്ചത്. ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത്. അന്നാ – അലുമിനിയം കമ്പനി തുടങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാറാസ് എന്ന പേരില്‍ കറിപ്പൊടികള്‍ വിപണിയിലിറക്കിയത്. തുടര്‍ന്ന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1978-ല്‍ കിറ്റക്‌സ് (കിഴക്കമ്പലം ടെക്സ്റ്റയില്‍സ് എന്നതിന്റെ ചുരുക്ക രൂപം) എന്ന ബ്രാന്‍ഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്‌സ് ആദ്യം നിര്‍മ്മിച്ചിരുന്നത്. പിന്നീട് ലോകത്തിന്റെ വ്യവസായ ഭൂമികയിലേക്കു കിറ്റക്‌സിന്റെ വളര്‍ച്ച അത്ഭുതകരമായ തരത്തിലായിരുന്നു. എം സി ജേക്കബിന്റെ മരണ ശേഷം മക്കളായ ബാബു ജേക്കബ്, സാബു ജേക്കബുമാണ് കമ്പനികളുടെ നടത്തിപ്പുമായി മുന്നോട്ടു പോകുന്നത്.

മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍എല്ലാ വര്‍ഷവും കിറ്റക്സ് ലിമിറ്റഡിന്റെ ഓഹരിവില സര്‍വകാല റിക്കാര്‍ഡ് തലത്തിലെത്തും എന്നത് ബിസിനസ് രംഗത്തെ വളര്‍ച്ചയെ കാണിക്കുന്നു. കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മ്മാണരംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവുമുള്ള ആലുവ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പ്രതിദിനം ലക്ഷക്കണക്കിന് പീസ് വസ്ത്ര നിര്‍മാണത്തിനുള്ള ശേഷിയുള്ള കമ്പനിയാണ്. കുട്ടികള്‍ക്കുള്ള വസ്ത്ര കയറ്റുമതിയിലാണ് കമ്പനി പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഈ വിഭാഗത്തിലെ ആഗോള പ്രമുഖരായ ജോക്കി, മദര്‍ കെയര്‍, കാര്‍ട്ടര്‍, ഗീബര്‍ തുടങ്ങിയ കമ്പനികള്‍ ഇടപാടുകാരാണ്.

കിറ്റക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ ടോട്ടല്‍ റെസ്പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ മൊത്തമായി ഏറ്റെടുത്ത് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രണ്ടായിരത്തി ഇരുപതാം ആണ്ട് ആകുമ്പോഴേക്കും ഭാരതത്തിലെ രണ്ട്ലക്ഷത്തി അറുപത്തി അയ്യായിരം പഞ്ചായത്തുകളില്‍ ഏറ്റവും മികച്ച പഞ്ചായത്താക്കി കിഴക്കമ്പലം പഞ്ചായത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ സാമുഹ്യ, വ്യവസായിക, രാഷ്ട്രീയ-മതസംസ്കാരിക മേഖലയിലുള്ള പ്രമുഖരേയും നാനാവിഭാഗത്തിലുള്ള പൊതുജനങ്ങളുടെയും സസംയുക്തകൂട്ടായമയാണ് ട്വന്റി ട്വന്റി (20 20) കിഴക്കമ്പലം. കിഴക്കമ്ബലത്തെ ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പൊതുജന പങ്കാളിത്തത്തോടെയുള്ള ഒരു വികസന മുന്നേറ്റമാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു.