അമേരിക്കയില്‍ എന്‍ജിനീയറുടെ മരണം; ഞെട്ടലോടെ പ്രവാസികള്‍

12:50 pm 26/2/2017
Newsimg1_4661613

വാഷിങ്ടന്‍: വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ആശങ്കയും രോഷവും. പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിദേശീയ നിലപാടുകളാണ് വംശീയ അതിക്രമങ്ങള്‍ക്കു കാരണമാകുന്നതെന്ന വിമര്‍ശനമാണ് പല കോണുകളില്‍നിന്നും ഉയരുന്നത്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ ആഹ്വാനത്തിനു ശേഷം വിദേശികള്‍ക്കെതിരേ ശത്രുതാ മനോഭാവം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ വിലയിരുത്തല്‍. അതേസമയം ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും വംശീയ അതിക്രമമാണെന്നു സൂചനയില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

കന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറില്‍ വച്ച് ‘എന്റെ രാജ്യത്തുനിന്നു പുറത്തു പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് യുഎസ് നാവികസേനയില്‍ നിന്നു വിരമിച്ച ആദം പുരിന്റോണ്‍ ഇന്ത്യക്കാരായ യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ ശ്രീനിവാസ് കുച്ചിബോട്ലയെന്ന ഹൈദരാബാദ് സ്വദേശി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തന്‍ അലോക് മദസാനിക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ബാറില്‍ ഇന്ത്യന്‍ യുവാക്കളുടെ അടുത്തിരുന്ന ആദം പുരിന്റോണ്‍ പല തവണ ഇവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഏതു വീസയിലാണ് അമേരിക്കയില്‍ എത്തിയതെന്നും നിയമവിരുദ്ധമായാണോ തുടരുന്നതെന്നും ഇയാള്‍ ചോദിച്ചു. മറുപടി പറയാതെ ആദത്തെ ഒഴിവാക്കുകയാണ് ചെയ്തതെന്നു പരിക്കേറ്റ അലോക് പറഞ്ഞു. ബാറിലെ മാനേജരോടു പരാതി പറഞ്ഞതിനെ തുടര്‍ന്ന് ആദത്തെ ബാറില്‍നിന്നു പുറത്താക്കി. കുറച്ചു സമയത്തിനുള്ളില്‍ രോഷത്തോടെ മടങ്ങിയെത്തിയ ഇയാള്‍ യുവാക്കള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ലോട് (24) എന്ന യുഎസ് പൗരനും പരിക്കേറ്റു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ആദത്തെ മറ്റൊരു ബാറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ എന്‍ജിനീയറുടെ കൊലപാതക വാര്‍ത്ത ഞെട്ടലോടെയാണു കേട്ടതെന്നു കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ശ്രീനിവാസന്റെ പിതാവുമായും സഹോദരനുമായും സുഷമ ടെലിഫോണില്‍ സംസാരിച്ചു. ശ്രീനിവാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് സുഷമ വ്യക്തമാക്കി. പരിക്കേറ്റ അലോക് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടുവെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി അധികൃതര്‍ കാന്‍സാസിലെത്തി വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഞെട്ടല്‍ പ്രകടിപ്പിക്കുകയല്ല രോഷാകുലരാകുകയാണ് വേണ്ടതെന്ന് നടന്‍ സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ട്രംപ് വിദ്വേഷം പടര്‍ത്തുകയാണ്. ഇതൊരു വംശീയ അതിക്രമമാണെന്നും സിദ്ധാര്‍ഥ് കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച രാത്രിയില്‍ ഒലാത്തില്‍ നാനൂറോളം പേര്‍ ഫസ്റ്റ് ബാപ്പിസ്റ്റ് പള്ളിയില്‍ ഒത്തുചേര്‍ന്ന് ശ്രീനിവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംഭവത്തില്‍ കടുത്ത ദുഃഖമുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് ഒലാത്തിലെ സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാകില്ലെന്നും മേയര്‍ മൈക്കല്‍ കോപ്ലാന്‍ഡ് പറഞ്ഞു.

ഹൈദരാബാദിലെ ബാച്ചുപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. എംടെക് പൂര്‍ത്തിയാക്കി 2005-ല്‍ അമേരിക്കയിലെത്തിയ ശ്രീനിവാസ് ജിപിഎസ് നിര്‍മാതാക്കളാണ് ഗാര്‍മിണിന്റെ ഒലാത്തിലെ ആസ്ഥാനത്താണ് ജോലി ചെയ്തിരുന്നത്. ഭാര്യ സുനയന ദുമാലയും ഒപ്പമുണ്ട്. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടത്തിയ പ്രസ്താവനകളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കു കാരണമെന്ന് ശ്രീനിവാസന്റെ ബന്ധുക്കള്‍ ഹൈദരാബാദില്‍ പറഞ്ഞു. അടുത്തിടെ തെലുങ്കാനയില്‍നിന്നുള്ള വംശി റെഡ്ഡിയെന്ന യുവാവ് കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ യുഎസ്, ഇന്ത്യന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.