ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി മുൻ മന്ത്രി കപിൽ മിശ്ര. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആം ആദ്മി പാർട്ടി നേതൃത്വം സമർപ്പിച്ച കണക്കൾ തെറ്റാണെന്ന് മിശ്ര പറഞ്ഞു. കെജ്രിവാളിെൻറ നേതൃത്വത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്ന ആരോപണവും മിശ്ര ഉയർത്തി.
മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് പറഞ്ഞ മിശ്ര ഇതിനെ കുറിച്ച് സി.ബി.െഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കടലാസ് കമ്പനികളിൽ നിന്ന് രണ്ട് കോടി രൂപയാണ് കെജ്രിവാൾ സംഭാവനയായി വാങ്ങിയതെന്നും ഇതും അന്വേഷണ പരിധിയിൽ വരണമെന്നും മിശ്ര ആവശ്യപ്പെട്ടു.
നേരത്തെ വാട്ടർ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിെൻറ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്രയുടെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ആം ആദ്മി പാർട്ടിയിലെ നേതാക്കൾ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.