അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

01:20pm 13/07/2016
download (2)
ഇറ്റാനഗർ: ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി. അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണർ ജെ.പി. രാജ്ഖോവറുടെ നടപടി കോടതി റദ്ദാക്കി.

കൂടാതെ നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു. പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംടുക്കി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. കോടതി വിധി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിൽ നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട്​ ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്​തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച്​ നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്.

പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ കാലിഖോ പുളിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.എല്‍.എമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തു. സ്പീക്കറുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. എന്നാല്‍, ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഗുവാഹതി ഹൈകോടതി റദ്ദാക്കി.

തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ ശിപാർശ പ്രകാരം അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഇതിനിടെ കാലിഖോ പുളിന്‍റെ നേതൃത്വത്തില്‍ 31 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കണ്ടതിനെ തുടര്‍ന്നാണ് രാഷ്ട്രപതിഭരണം അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ, രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ശിപാര്‍ശ ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.