11:02 am 2/6/2017
വാഷിംഗ്ടൺ: ലോകത്തിൽ ഏറ്റവും അധികം ഹരിതഗൃഹ വാതകം പുറത്തുവിടുന്ന രണ്ടാമത്തെ രാജ്യമായ അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി. കാലാവസ്ഥാമാറ്റം പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
പാരീസ് ഉടന്പടി അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ ക്ഷതമാണ് ഏൽപ്പിച്ചതെന്നും ഇതിന്റെ ഭാരം അമേരിക്കൻ ജനതയുടെ മേലാണെന്നും ട്രംപ് പറഞ്ഞു. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിലാണ് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ലോകം ഉറ്റുനോക്കിയ പ്രഖ്യാപനം ട്രംപ് നടത്തിയത്.
ഉടമ്പടിയുടെ ഭാഗമായതോടുകൂടി മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മൂന്ന് ട്രില്യൺ ഡോളർ നഷ്ടമാണ് അമേരിക്കയ്ക്ക് സംഭവിക്കുന്നത്. 65 ലക്ഷം തൊഴിലും ഇതിലൂടെ ഉണ്ടാകുന്നുണ്ട്. എന്നാൽ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾക്ക് അനുകൂലമാണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് വിമർശിച്ചു. മറ്റ് ലോകനേതാക്കളും രാജ്യങ്ങളും ഇനിയും നമ്മളെ പരിഹസിക്കാൻ അനുവദിക്കില്ല. അമേരിക്കയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഏത് ഉടമ്പടിയിൽനിന്നും പുറത്തുകടക്കുകയോ പുനരാലോചിക്കുകയോ ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു. നിരവധി വ്യാപാര കരാറുകൾ ഇത്തരത്തിൽ ഉടൻ പുനഃപരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സിസിലിയിൽ നടന്ന ജി 7 രാജ്യ ഉച്ചകോടിയിൽ ഉടന്പടിയിൽ നിന്നു പിന്മാറരുതെന്നു മറ്റു രാജ്യങ്ങൾ ട്രംപിനോട് അഭ്യർഥിച്ചിരുന്നു. പക്ഷേ അദ്ദേഹം അതു വകവയ്ക്കാനുള്ള മനസ് കാണിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയായിരുന്നു. ഉടമ്പടിയിൽനിന്നും പിൻമാറുന്നതായുള്ള പ്രഖ്യാപനത്തിനു പിന്നാലെ ഇതിനെ അപലപിച്ച് നിരവധി പേരും സംഘടനകളുമാണ് രംഗത്ത് വന്നത്. ഡെമോക്രാറ്റ് നേതാവ് ഹില്ലരി ക്ലിന്റണും ട്രംപിന്റെ ‘വൈകാരിക’ തീരുമാനത്തെ വിമർശിച്ചു. അമേരിക്കയെ ലോകത്തിന്റെ നേതൃത്വപദവിയിൽ നിന്നു നീക്കുന്നതാകും നടപടിയെന്നും ഹില്ലരി വിമർശിച്ചു.
പാരീസ് ഉടന്പടിയിൽ നിന്നു പിന്മാറുമെന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. കാലാവസ്ഥാമാറ്റവും ആഗോളതാപനവും തടയാനുള്ള അന്താരാഷ്ട്ര പരിശ്രമങ്ങളുടെ വിജയമായാണു പാരീസ് ഉടന്പടി കരുതപ്പെട്ടിരുന്നത്. ഹരിതഗൃഹ വാതകങ്ങൾ വമിപ്പിക്കുന്നതു ചുരുക്കുക, പെട്രോളിയവും കൽക്കരിയും ഉപയോഗിക്കുന്നതു കുറയ്ക്കുക, കാർബൺ വമനം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ നടപടികൾ അതിന്റെ ഭാഗമായി ചെയ്യാനുണ്ട്. 2015 ലാണ് ഉടന്പടി ഉണ്ടായത്. 195 രാജ്യങ്ങളാണ് ഈ ഉടമ്പടിയിൽ ഒപ്പുവച്ചിരിക്കുന്നത്.
വ്യവസായ വിപ്ലവത്തിനു മുന്പുണ്ടായിരുന്നതിൽ നിന്നും ഒന്നര ഡിഗ്രി സെൽഷസിൽ ആഗോള ഉൗഷ്മാവിലെ വർധന നിലനിർത്തുകയാണ് ഉടന്പടിയുടെ ലക്ഷ്യം. ചരിത്രത്തിൽ ഏറ്റവുമധികം കാർബൺ വാതകങ്ങൾ വമിപ്പിച്ച് ഏറ്റവുമധികം ചൂടുവർധിപ്പിച്ച അമേരിക്ക അടക്കമുള്ള വ്യവസായവൽകൃത രാജ്യങ്ങൾ വമനം കുറയ്ക്കുകയും മറ്റു രാജ്യങ്ങൾക്കു ധനസഹായം നൽകുകയും ചെയ്യണം എന്നായിരുന്നു ഉടന്പടി.
അമേരിക്ക പിന്മാറിയാലും ഉടന്പടിയിൽ ഉറച്ചു നിൽക്കുമെന്ന് ചൈനയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കൻ പിന്മാറ്റത്തോടെ ഉടന്പടി പ്രായോഗികമായി അപ്രസക്തമാകും. ഉടന്പടി പ്രകാരമുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ പിന്നീട് എങ്ങനെ നടപ്പാക്കുമെന്ന് ഉറപ്പില്ല.