ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 10കിലോമീറ്റർ.

01;09 pm 25/08/2016

ഭുവനേശ്വര്‍: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി മകള്‍ക്കൊപ്പം നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ കാളഹന്ദി ഗ്രാമവാസിയായ ദനാ മജ്ഹിയുടേതാണ് ഈ ദുരനുഭവം.
ഭവാനിപാറ്റ്‌നയിലെ ആശുപത്രിയിൽ ക്ഷയരോഗ ബാധിതയായാണ് മജ്ഹിയുട ഭാര്യ മരിച്ചത്. ഒഡീഷയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കാളഹന്ദി.

മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ഒരു നിവൃത്തിയുമില്ലെന്ന് 42കാരനായ ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. പണമില്ലാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പൊതിഞ്ഞെടുത്ത് 12 വയസായ മകള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് നടന്നു. പത്ത് കിലോമീറ്ററോളം നടന്നപ്പോള്‍ പ്രാദേശിക ചാനലുകാര്‍ ദനാ മജ്ഹിയെ കണ്ടുമുട്ടിയതോടെണ് സഭവം പുറത്തറിയാനിടയായത്.

സംഭവം ചാനല്‍ സംഘം റിപ്പോർട്ട് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ചാനൽ സംഘം ജില്ലാ കളക്ടറെയും വിവരമറിയിച്ചു. അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയായിരുന്നു.

ആശുപത്രികളില്‍ മരിക്കുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ നവീൻ പട്നായക് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.