ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്നു ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പഞ്ചാബിൽ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിംഗ്, ദുർഗേഷ് പഠക് എന്നിവരും രാജി നൽകി. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ കണ്ട് രാജിക്കത്ത് കൈമാറിയതായി സഞ്ജയ് സിംഗ് അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട ആം ആദ്മി സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമാണ്. ഇരട്ട പദവി വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന 21 ആപ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതിയിൽ അടുത്ത മാസം രണ്ടാംവാരം തീരുമാനം എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവരെ അയോഗ്യരാക്കാൻ കമ്മീഷൻ തീരുമാനിച്ചാൽ സംസ്ഥാന ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുവാനുള്ള സാധ്യതയാണ് ഉണ്ടാകുക.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അരവിന്ദ് കേജരിവാൾ എംഎൽമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അന്നാ ഹസാരെ ആവശ്യപ്പെട്ടിരുന്നു.