ആട് ആന്‍റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി

02:03pm 15/07/2016
download (2)
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്കെതിരെയുള്ള കേസിൽ വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്‌.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ അറിയിച്ചിരുന്നത്.

2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്‌.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്‍റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

പൊലീസ് പിന്‍തുടര്‍ന്നതിനാൽ വാന്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ആന്‍റണി. കൊല നടത്തി രക്ഷപ്പെട്ട ഇയാളെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന്‌ ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് വെച്ചായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവ ദിവസം താൻ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആന്‍റണിയുടെ വാദം. ഈ ദിവസം ഗ്യാസ് കണക്ഷന് വേണ്ടി അപേക്ഷ നൽകിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷൻ പൊളിച്ചത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്‌.ഐ ജോയി കേസിൽ നിർണായക സാക്ഷിയായിരുന്നു.

78 രേഖകളും 30 സാക്ഷികളേയും പ്രോസിക്യൂഷൻ പ്രതിക്കെതിരെ ഹാജരാക്കി. ഇയാൾക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ കേസില്‍ വിധി പറഞ്ഞ ശേഷമായിരിക്കും ഇയാള്‍ ഉള്‍പ്പെട്ട 200ഓളം മോഷണക്കേസുകളില്‍ വിധി പറയുന്നത്.