ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം; കര്‍ഷക സഹായത്തിനായി ഇന്‍ഫാം ഹെല്‍പ് ഡെസ്ക്

09:39 am 24/6/2017

കൊച്ചി: രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധിയും കൃഷിനാശവുംമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റുന്ന ഉദ്യോഗസ്ഥരുടെ പീഢനംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത് ദുഃഖകരമാണെന്നും ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ആത്മഹത്യ പ്രതിഷേധത്തിന്റെ ആയുധമായി കര്‍ഷകര്‍ സ്വീകരിക്കരുത്. മനംനൊന്ത് ജീവന്‍ വെടിഞ്ഞ ജോയിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ അഴിമതിയും അഹങ്കാരവും പത്തിവിരിച്ചാടുന്ന അറവുശാലകളായ സര്‍ക്കാര്‍ ഓഫീസുകളേയും ഉദ്യോഗസ്ഥരേയും നിലയ്ക്കുനിര്‍ത്തുവാന്‍ അധികാരകേന്ദ്രങ്ങള്‍ക്കാകണം. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാര്‍മേഴ്‌സ് ഹെല്‍പ് ഡെസ്ക്കിലൂടെ കര്‍ഷകനീതിനിഷേധങ്ങള്‍ക്ക് നിയമപരമായ പോരാട്ടങ്ങള്‍ക്ക് അവസരമുണ്ട്. ഇതിനോടകം ബാങ്ക് ചൂഷണത്തിനെതിരെയും വിദ്യാഭ്യാസ ലോണിലെ അനീതിക്കെതിരെയും ഉദ്യോഗസ്ഥ അഴിമതിക്കെതിരെയും ഒട്ടേറെ ഇടപെടലുകള്‍ ഇന്‍ഫാം ഫാര്‍മേഴ്‌സ് ഹെല്‍പ് ഡെസ്ക്കിലൂടെയും ലീഗല്‍ സെല്ലിലൂടെയും നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് പ്രാദേശിക ഇന്‍ഫാം യൂണിറ്റുകളുമായി കര്‍ഷകര്‍ ബന്ധപ്പെടേണ്ടതാണ്.

റബറിന്റെ വില കുത്തനെ ഇടിഞ്ഞ് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നുള്ള ഇന്‍ഫാമിന്റെ മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അവഗണിച്ചിരിക്കുന്നത് വരുംനാളുകളില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാഭ്യാസലോണ്‍ തിരിച്ചടയ്ക്കാനാവാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ 900 കോടിരൂപ വായ്പ തിരിച്ചടവിനായി ഉപയോഗിക്കുവാന്‍ തയ്യാറായത്. എന്നാല്‍ വില്ലേജ് ഓഫീസിലെ പ്യൂണ്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിനെ ഒരു ചാകരയായി കാണുന്നു. ഇളവ് ലഭിക്കണമെങ്കില്‍ അപേക്ഷകനുമായി 3 വര്‍ഷത്തെ പരിചയമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ ഉള്‍പ്പെടെ ഒട്ടേറെ രീതികളിലൂടെ ഒരു ഗസറ്റഡ് ഓഫീസര്‍ക്ക് കാലതാമസം കൂടാതെ നിര്‍വഹിക്കുവാന്‍ പറ്റുന്ന ജോലിയാണ് സ്ഥിരം സ്ഥലംമാറ്റത്തിനു വിധേയമാകുന്ന വില്ലേജ് ഓഫീസര്‍ നിര്‍വഹിക്കുന്നത്. ഇങ്ങനെ കൈക്കൂലിക്കും അഴിമതിക്കും വളംവെച്ചുകൊടുത്ത് കൊട്ടിഘോഷിക്കുന്ന ജനകീയ പദ്ധതികള്‍ പലതും അട്ടിമറിക്കപ്പെടുകയാണെന്ന് ഉന്നതങ്ങളിലുള്ളവര്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍,
ജനറല്‍ സെക്രട്ടറി