ആത്മഹത്യ കുറ്റകരമല്ലാതാക്കുന്ന വ്യവസ്ഥകളടങ്ങുന്ന മാനസികാരോഗ്യ ബില്ല് ലോക്‌സഭ പാസാക്കി.

07:32 am 28/3/2017

download (3)
ദില്ലി: മാനസിക വ്യഥ അനുഭവിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഇവരെ ശിക്ഷിക്കരുതെന്നുമാണ് ബില്ലില്‍ പറയുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിന്റെ സംരക്ഷണവും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകരമല്ലാതാക്കുന്ന പ്രധാന വ്യവസ്ഥയോടെയാണ് മാനസികാരോഗ്യ ബില്ല് ലോക്‌സഭ പാസാക്കിയത്. നിലവില്‍ ആത്മഹത്യ ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദമുള്ളവരാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും ബില്ലില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പുകളില്‍ നിന്നും ആത്മഹത്യ ശ്രമം ഒഴിവാക്കാനും ബില്ല് ആവശ്യപ്പെടുന്നു.
മാനസിക സമ്മര്‍ദ്ദമല്ലാതെ മറ്റ് കാരണങ്ങള്‍ ഉണ്ടെങ്കില്‍ ശിക്ഷ നല്‍കാം.ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ആളിന് ശ്രദ്ധയും തുടര്‍ ചികിത്സയും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് ചികിത്സയും സംരക്ഷണവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്. വീടില്ലാത്തവരും,അനാഥരുമായവര്‍ക്ക് സൗജന്യ മാനസികാരോഗ്യ ചികിത്സയും ബില്ല് ഉറപ്പ് നല്‍കുന്നു.ഏത് തരം ചികിത്സയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് നിര്‍ദ്ദേശിക്കാനും സാധിക്കും
കൂടാതെ മാനസികാരോഗ്യമുള്ളവരുടെ സ്വത്തിന്റെ സംരക്ഷണവും വീണ്ടെടുക്കലും ബില്ല് വ്യവസ്ഥ ചെയ്യുന്നു. കുട്ടികളെ ഷോക്ക് തെറാപ്പി ചെയ്യുന്നതും ബില്ല് വിലക്കുന്നു. പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതിയെല്ലാം പരാജയപ്പെടുത്തിയാണ് മാനസികാരോഗ്യ ബില്‍ ലോക്‌സഭ പാസ്സാക്കിയത്. 2016 ആഗസ്റ്റില്‍ ബില്ല് രാജ്യസഭ പാസ്സാക്കിയിരുന്നു.