ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു

07:27 am 12/2/2017

– പി.പി. ചെറിയാന്‍
Newsimg1_84225371
വാഷിങ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് ക്യാബിനറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറിയായി സത്യ പ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി വാഷിങ്ടന്‍ ഡിസിയിലെ സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ബെറ്റ്സി ഡിവോസിന്റെ വാഹനം പ്രകടനക്കാര്‍ തടഞ്ഞു.

സൗത്ത് വെസ്റ്റ് ഡിസിയിലെ ജെഫര്‍സണ്‍ മിഡില്‍ സ്കൂള്‍ അക്കാഡമിയി ലാണ് ആദ്യമായി സന്ദര്‍ശനത്തിനെത്തിയത്. സ്കൂളിന്റെ പ്രവേശന കവാടത്തില്‍ വച്ചു ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധക്കാര്‍ ബെറ്റ്സി സഞ്ചരിച്ചിരുന്ന വാഹനത്തിനു മുമ്പിലേക്ക് ചാടി വീഴുകയായിരുന്നു. സ്കൂളിന്റെ പുറകുവശത്തിലൂടെ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോഴും പ്രകടനക്കാര്‍ വിട്ടില്ല. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാക്കാര്‍ഡുകളും കൈയിലേന്തി, ഷെയിം, ഷെയിം വിളികളോടെയാണ് ഇവര്‍ ബെറ്റ്സിയെ തടഞ്ഞത്. നേതാക്കള്‍ എത്തിയാണ് ഒടുവില്‍ ഇവരെ സ്കൂളിലേക്ക് കടത്തിവിട്ടത്. സ്കൂളിലെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു.

സമാധാനപരമായി പ്രതിഷേധക്കാരെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേരെ അമേരിക്കന്‍ സ്കൂളുകളുടെ വാതില്‍ അടയ്ക്കുകയില്ലെന്നും തുടര്‍ന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പു നല്‍കി.പുതിയ വിദ്യാഭ്യാസ സെക്രട്ടറിക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതിന് വൈസ് പ്രസിഡന്റ് മൈക്ക് ലെനസിന്റെ വോട്ടും വേണ്ടിവന്നിരുന്നു. 50 പേര്‍ വീതം ഇരുവശത്തും അണിനിരന്നപ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് വോട്ടും രേഖപ്പെടുത്തുകയായിരുന്നു.